കോൺഗ്രസിന്റെ ദേശീയനേതൃത്വ൦ ആത്മാർത്ഥമായാണോ വഖഫ് ബില്ലിന് എതിർത്തത് എന്ന സംശയം, ചർച്ചയിൽ കോൺഗ്രസ് എംപിമാരായ രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും വിട്ടുനിന്നതിൽ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്

വഖഫ് ഭേദഗതി ബില്ലിലെ പാര്‍ലമെന്റ് ചര്‍ച്ചയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടുനിന്നതില്‍ വിമര്‍ശനവുമായി സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മതവര്‍ഗീയ ധ്രുവീകരണവും വിഭജനവും ലക്ഷ്യം വെച്ചുള്ള സംഘപരിവാറിന്റെ നീക്കമായ വഖഫ് നിയമ ഭേദഗതി ബില്ലില്‍ കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയപ്പോള്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലാ മന്ത്രി കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്കില്‍ പേജിലാണ് ഈ കാര്യം അദ്ദേഹം കുറിച്ചത്.

ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷ അവകാശങ്ങളെ കാറ്റില്‍ പറത്തുന്ന ഈ ഭേദഗതി ബില്ലിനെതിരെ രാജ്യത്തെ മതനിരപേക്ഷ സമൂഹമാകെ രംഗത്ത് വരുകയുണ്ടായി. എന്നാല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആത്മാര്‍ത്ഥമായാണോ ബില്ലിനെ എതിര്‍ത്തത് എന്ന സംശയമാണ് പാര്‍ലമെന്റിലെ ചര്‍ച്ച കണ്ടപ്പോള്‍ തോന്നുന്നത്. ബില്ലിൽ ഒരു മണിക്കൂർ നാല്പതു മിനുട്ടാണ് കോൺഗ്രസ്സ് പാർടിക്ക് സംസാരിക്കാനായി അനുവദിച്ചു കിട്ടിയത്.

പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ചർച്ചയിൽ സംസാരിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തിൻ്റെ സവിശേഷാധികാരമുപയോഗിച്ച് ഒരു ഘട്ടത്തിൽ പോലും ചർച്ചയിൽ ഇടപെട്ടതുമില്ല. വയനാട് എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ബില്ലിനെതിരെ വോട്ടു ചെയ്യാൻ സഭയിൽ എത്തിയതേയില്ല.പാർടി വിപ്പു പോലും ലംഘിച്ച് സഭയിൽ നിന്നും വിട്ടുനിന്ന വയനാട് എംപി വയനാട് ജനതെയും മതനിരപേക്ഷ ഇന്ത്യയെയും വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കോൺഗ്രസ്സ് ദേശീയ നേതൃത്വം സ്വീകരിച്ചു വരുന്ന മൃദുഹിന്ദുത്വ നിലപാടിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധിയുടെ ഈ വിട്ടുനിൽക്കൽ.

എന്നാൽ, പാർടി കോൺഗ്രസ്സ് നടക്കുന്ന മധുരയിൽ നിന്നുമാണ് സിപിഐഎം എംപിമാർ പാർലമെന്റിലെത്തി വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ വോട്ടു ചെയ്തത്. ഈ വിഷയത്തിൽ സിപിഐഎമ്മിന്റെ ആത്മാർഥതയാണ് ഇവിടെ വ്യക്തമായത്. രാജ്യത്തിന്റെ മതനിരപേക്ഷതയെ സംരക്ഷിക്കാനുള്ള
ഉത്തരവാദിത്ത ബോധ്യത്തോടെയാണ് സിപിഐഎം നിലപാടെടുത്തതെങ്കിൽ കോൺഗ്രസ്സിന് ഇല്ലാതെപോയതും അതാണ്, എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.