
സോഡ, സ്പോഡ്സ് പാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, എന്നിവ പതിവായി കുടിക്കുന്നവർക്ക് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം.പഞ്ചസാര ചേർത്ത മധുരമുള്ള പാനീയങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്നതായി ഡോക്ടർമാർ പറയുന്നു. അസംസ്കൃത പഞ്ചസാര, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ്, സുക്രോസ് എന്നിവ ശരീരത്തിൽ അമിതമായി എത്തുന്നത് നിരവധി രോഗങ്ങൾക്കാണ് ഇടയാക്കുന്നത്. കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ കുടിക്കുന്ന ആളുകൾക്ക് കൊറോണറി ആർട്ടറി രോഗം, ഹൃദയാഘാതം, പക്ഷാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം പോലുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത 27% കൂടുതലാണെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
പഞ്ചസാര ചേർത്ത പാനീയങ്ങൾ അമിതമായി കുടിക്കുന്നവരിൽ ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാനുള്ള സാധ്യത 10 ശതമാനം കൂടുതലാണെന്ന് മറ്റൊരു പഠനം കണ്ടെത്തി. സ്ത്രീകളുടെയും പുരുഷന്മാരുടെയും മരണത്തിന് ഒന്നാം കാരണം ഹൃദ്രോഗമാണെന്ന് പഠനങ്ങൾ പറയുന്നു. അതിനാൽ മധുരപാനീയങ്ങൾ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക എന്നതാണ് പ്രധാനം. മധുര പാനീയങ്ങൾ രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിന്റെയും അളവ് പെട്ടെന്ന് ഉയരാൻ ഇടയാക്കും. ഇത് കാലക്രമേണ ഉപാപചയ പ്രവർത്തനത്തെ ബാധിക്കാം.
ഹൃദ്രോഗ സാധ്യത കുറയാൻ വേണ്ട കാര്യങ്ങൾ
1 .അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കഴിക്കുന്നത് പരിമിതപ്പെടുത്തുക
2 .ദിവസവും 20 മിനുട്ട് വ്യായാമം ചെയ്യുക.
3 .സമ്മർദ്ദം കുറയ്ക്കുക
4 .നന്നായി ഉറങ്ങുക
5 .പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക











