കെ സുരേന്ദ്രൻ പറയുന്നത് പച്ചക്കള്ളമാണ്, സുരേന്ദ്രനെ പിണറായി തൊടില്ല, അറസ്റ്റും പ്രതീക്ഷിക്കേണ്ട; മലപ്പുറത്ത് അമുസ്ലീങ്ങൾക്ക് ഒരു തുള്ളിവെള്ളം പോലും കിട്ടില്ലെന്ന സുരേന്ദ്രന്റെ പ്രസ്‌താവനക്കെതിരെ,സന്ദീപ് വാര്യർ

റംസാന്‍ മാസത്തില്‍ മലപ്പുറം ജില്ലയില്‍ അമുസ്ലിങ്ങള്‍ക്ക് ഒരു തുള്ളി വെള്ളം പോലും കിട്ടില്ലന്ന ബിജെപി മുന്‍ അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. കെ സുരേന്ദ്രന്റെ ഇതിലും വലിയ വിദ്വേഷ പ്രസ്താവനയുണ്ടോ. പച്ചക്കള്ളമാണ് സുരേന്ദ്രന്‍ പറയുന്നത്. പക്ഷേ സുരേന്ദ്രനെ പിണറായി വിജയന്‍ തൊടില്ല. അറസ്റ്റും പ്രതീക്ഷിക്കേണ്ടെന്നും സന്ദീപ് വാര്യർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. അതേസമയം വെള്ളാപ്പള്ളിനടേശൻ പറഞ്ഞത് മലപ്പുറത്തെ പൊള്ളുന്ന യഥാര്‍ഥ്യമാണെന്ന്മുൻപ്  സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ലീഗും മറ്റു വര്‍ഗീയ സംഘടനകളും നടത്തുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ല.ശബരിമല വ്രതം നോല്‍ക്കുന്ന കാലത്ത് കടകളിലൊന്നും നിര്‍ബന്ധപൂര്‍വം വെജിറ്റേറിയന്‍ കച്ചവടമേ നടത്താന്‍ പാടുള്ളുവെന്ന് പറയാറില്ല. പക്ഷേ മലപ്പുറം ജില്ലയില്‍ ഒരു മാസം തുള്ളി വെള്ളം ഒരാള്‍ക്കും ലഭിക്കില്ല. എന്തൊരു ഫാഷിസ്റ്റ് സമീപനമാണിത്. നാം വ്രതമെടുക്കുന്നു, നമ്മള്‍ കുടിക്കുന്നില്ല. പക്ഷെ ഒരു മാസം മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലും ഒരു തുള്ളി വെള്ളം ലഭിക്കില്ല.മുസ്‌ലിം ലീഗിന്റെ അപ്രമാദിത്തം ആരും ചോദ്യം ചെയ്യാത്തതുകൊണ്ട് ഇതൊന്നും പുറത്തുവരുന്നില്ല. ഇതൊന്നും ഒറ്റപ്പെട്ട സംഭവമല്ല. രാമനാട്ടുകര മുതല്‍ തൃശൂര്‍ ജില്ലയുടെ അതിര്‍ത്തി വരെ ഒരുമാസക്കാലം ഒരു തുള്ളി വെള്ളം ആര്‍ക്കും കിട്ടില്ല. പല സ്ഥലത്തും ഉച്ചക്കഞ്ഞി മുടങ്ങി, വലിയ പ്രക്ഷോഭങ്ങള്‍ വേണ്ടിവന്നു. ഇതെല്ലാം പച്ചയായ യാഥാര്‍ഥ്യങ്ങളാണ് എന്നാണ് കെ സുരേന്ദ്രൻ പറയുന്നത്.