പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗാർത്ഥികളിൽ ഒരാളാണ് ഈ മഹതി, സോപ്പിടുമ്പോൾ വല്ലാതെ പതപ്പിച്ചാൽ ഭാവിയിൽ ദോഷം ചെയ്യും; ദിവ്യ എസ് അയ്യർക്കെതിരെ കെ മുരളീധരൻ

ഐഎഎസ് ഉദ്യോഗസ്ഥയും കോൺഗ്രസ് നേതാവ് ശബരീനാഥൻ്റെ ഭാര്യയുമായ ദിവ്യ എസ് അയ്യർക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ.സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട് കെ കെ രാഗേഷിനെ പ്രശംസിച്ച നടപടിക്കെതിരെയാണ് വിമർശനം. പിണറായിയുടെ പാദസേവ ചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഈ മഹതിയെന്നും സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യുമെന്നും കെ മുരളീധരന്‍ പറഞ്ഞു.തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോടായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം.

മുഖ്യ മന്ത്രി പിണറായി വിജയന്റെ പാദസേവ ചെയ്യുന്ന ചുരുക്കം ചില സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരുണ്ട്. ആ കൂട്ടത്തില്‍പെട്ട മഹതിയാണ് പോസ്റ്റ് ഇട്ടത്. അതിനെ അത്രയെ കാണുന്നുള്ളൂ. സോപ്പിടുമ്പോള്‍ വല്ലാതെ പതപ്പിച്ചാല്‍ ഭാവിയില്‍ ദോഷം ചെയ്യും, കെ മുരളീധരന്‍ പറഞ്ഞു. അതേസമയം, കര്‍ണ്ണന് പോലും അസൂയ തോന്നും വിധമാണ് മുഖ്യമന്ത്രിക്ക് കെ കെ രാഗേഷ് കവചം തീര്‍ത്തിരുന്നത് എന്നായിരുന്നു ദിവ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. കെ കെ രാഗേഷിന്റെ ഔദ്യോഗിക ജീവിതത്തില്‍ നിന്നും നിരവധി കാര്യങ്ങള്‍ താന്‍ ഒപ്പിയെടുത്തിട്ടുണ്ടെന്നും വിശ്വസ്തതയുടെ പാഠപുസ്തകമാണ് കെ കെ രാഗേഷെന്നും ദിവ്യ കുറിച്ചിരുന്നു. പിന്നാലെ വൻ വിമർശനമാണ് ദിവ്യക്ക് നേരെ ഉയർന്നത്.