രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാചയപെട്ടു, കാശ്‌മീർ ശാന്തമായെന്നുള്ള അമിത് ഷായുടെ അവകാശവാദ൦ ഭീകരാക്രമണത്തോടെ തകര്‍ന്നു; വിമര്‍ശനവുമായി എം വി ഗോവിന്ദൻ

ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ സിപിഎം ജനറല്‍ സെക്രട്ടറിക്ക് പിന്നാലെ വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നും, ഈ പ്രദേശം ശാന്തമായെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ളവരുടെ അവകാശവാദവുമാണ് ഈ ഭീകരാക്രമണത്തോടെ തകര്‍ന്നു വീണിരിക്കുന്നത്. രാജ്യത്തിന്റെ സുരക്ഷയുറപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെയും ,രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും പരാജയം കൂടിയാണ് വിനോദ സഞ്ചാരികളായ 28 പേരുടെ കൊലപാതകത്തിലേക്ക് നയിച്ച ഈ ആക്രമണം വിരല്‍ചൂണ്ടുന്നത് എന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ശ്രീനഗറില്‍ ഉന്നതതല യോഗം ചേര്‍ന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി കശ്മീരിനെ കേന്ദ്രഭരണത്തിന് കീഴിലാക്കി അഞ്ചുവര്‍ഷം പിന്നിടുമ്പോഴും മേഖല അശാന്തമായിരിക്കുന്നത് അത്യന്തം ഗുരുതരമായ സാഹചര്യമാണ്.ഇപ്പോൾ ഈ ഭീകരശൃംഖലയെ ഇല്ലാതാക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് ഈ ആക്രമണ സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും എം.വി.ഗോവിന്ദന്‍ പറയുന്നു.

അതേസമയം മുൻപ്, വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി രംഗത്തെത്തിയിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്ത് എത്തിയത്.ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രത്തിലെ മോദി സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ഭീകരാക്രമണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. നിരപരാധികളായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനം രേഖപ്പെടുത്തുന്നു എന്നുമാണ് എം വി ഗോവിന്ദൻ പറയുന്നത്.