
‘മാമ്പഴക്കാല’ത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ജോഡികളായി അഭിനയിച്ച ചിത്രമാണ് തരുണ്‍മൂര്‍ത്തിയുടെ സംവിധാനത്തില്‍ എത്തിയ ‘തുടരും’. ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേഷക പ്രതികരണവുമായി മുന്നേറുകയാണ്, പഴയ മോഹന്‍ലാല്‍, ശോഭന ചിത്രങ്ങള്‍ കാണുന്ന അതേ ആവേശത്തിലാണ് തുടരും എന്ന ചിത്രത്തേയും ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോൾ മോഹന്‍ലാല്‍, ശോഭന കൂട്ടുകെട്ടില്‍ ഒരു ചിത്രമെത്തിയതോടെ ഇനിയെന്നാണ് ഉര്‍വശിയുമായി ഒരു സിനിമ മോഹന്‍ലാല്‍ ചെയ്യുകയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഈ ചോദ്യത്തിനുള്ള മറുപടിയുമായി എത്തുകയാണ് ഉർവശി.

എല്ലാവരും എല്ലാ സമയത്തും നമ്മളോട് ചോദിക്കുന്ന കാര്യമാണ് ഇത്. ഞാന്‍ ഏറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചിരിക്കുന്നതും അങ്ങനത്തെ രീതിയിലുള്ള സിനിമകള്‍ ചെയ്തിരിക്കുന്നതും ലാലേട്ടന്റേയും, ജയറാമിന്റേയും കൂടെയാണ്. ഇനിയും അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമ എന്നുണ്ടാകുമെന്ന ചോദ്യം ഉയർന്നു വരുന്നുണ്ട്. പക്ഷേ ഇപ്പോൾ ശോഭനയുടെ കൂടെ അഭിനയിക്കാന്‍ തന്നെ 20 വര്‍ഷം എടുത്തു, എങ്കില്‍ ഇനിയും അങ്ങനെ ഒത്തുവരേണ്ടേ ഒരു സിനിമ എന്നാണ് ഉർവശി പറയുന്നത്.
നമുക്ക് ശാരീരികമായിട്ടും പ്രായം കൊണ്ടുണ്ടായ മാറ്റത്തിനും അനുസരിച്ച സിനിമകള്‍ വരണം, കുടുംബ ചിത്രങ്ങളും നല്ല രീതിയില്‍ എടുത്താല്‍ വിജയിക്കും എന്നതിന്റെ തെളിവാണ് ഈ സിനിമ. അത്തരം സിനിമകള്‍ സ്വീകരിക്കപ്പെടും, അത്തരം സിനിമകള്‍ ഓടട്ടെ. അപ്പോള്‍ നമുക്കും ഒരു പോസിറ്റീവ് എനര്‍ജിയാണ്, ഉര്‍വശി പറഞ്ഞു. ഇപ്പോൾ ഭയങ്കര സെന്‍സിറ്റീവ് ആയിക്കൊണ്ടിരിക്കുകയാണ് ഓരോ കാര്യങ്ങളും. എന്ത് പറഞ്ഞാലും അത് വിവാദമാകുമോ ട്രോള്‍ ആകുമോ, ഇങ്ങനെ നോക്കിയൊക്കെ സംസാരിക്കേണ്ടിയിരുന്നു എന്നും ഉർവശി പറയുന്നു.












