
നമ്മളിൽ മിക്കവാറും ആളുകൾ എനർജി ഡ്രിങ്ക് ഉപയോഗിക്കുന്നവരാണ്, എന്നാൽ ഇവയുടെ അപകട വശങ്ങൾ തിരിച്ചറിയാറില്ല എന്നതാണ് സത്യം. ക്ഷീണം തോന്നുമ്പോൾ എനർജി ഡ്രിങ്കുകളോട് അമിത ആസക്തിയുള്ളവരുണ്ട്. എന്നാൽ ഈ എനെർജിഡ്രിങ്കുകൾ നമ്മൾക്ക് അപകടം വരുത്തുന്നവയുമാണ്. ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നതിൽ എനർജി ഡ്രിങ്കിന് പങ്കുണ്ടെന്ന് വിശദമാക്കുന്ന നിരവധി പഠനങ്ങൾ ഇതിനകം തന്നെ പുറത്തു വന്നിട്ടുമുണ്ട്. എന്നാൽ ഇവയെക്കൂടാതെ മറ്റു ചില രോഗങ്ങൾക്ക് കൂടി എനർജി ഡ്രിങ്കുകൾ കാരണമാകുന്നുണ്ട് എന്നും ഇവയെല്ലാം കരുതലോടെ കൈകാര്യം ചെയ്യണമെന്നും വ്യക്തമാക്കുകയാണ് നോർത്ത് യോക്ഷെയറിൽ രജിസ്റ്റേർഡ് ഡയറ്റീഷ്യനായ അനബെൽ ഗിപ്പ്.
ഉത്കണ്ഠാരോഗം, ഉറക്കക്കുറവ്, അമിത രക്തസമ്മർദം, കടുത്ത തലവേദന, ഗ്യാസ്ട്രിക് രോഗങ്ങൾ എന്നിവയ്ക്കും എനർജി ഡ്രിങ്കുകൾ കാരണമാകും എന്നാണ് അനബെൽ പറയുന്നത്. എനർജി ഡ്രിങ്ക്സിൽ കഫീന്റെ അളവ് കൂടുതലാണ്, അതിനാൽ ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഇവ കാരണമാകുന്നു രക്തസമ്മർദത്തിന്റെ തോത് കൂടാനും ഉറക്കം തടസ്സപ്പെടാനും കടുത്ത തലവേദനയ്ക്കും വയറിന് അസ്വസ്ഥകൾക്കും ഇവ കാരണമാകുന്നു എന്നും ഇതുമായി ബന്ധപ്പെട്ട കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിയും അനുബന്ധ പെരുമാറ്റ പ്രശ്നങ്ങളും കണ്ടു വരുന്നുണ്ടെന്നും, അദ്ദേഹം പറയുന്നു.
എങ്ങനെയാണ് എനർജി ഡ്രിങ്കുകൾ വില്ലനാകുന്നത് – എനർജി ഡ്രിങ്കുകളിൽ ഉയർന്ന തോതിൽ കഫീനും മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പും രക്തസമ്മർദത്തിന്റെ തോതും എളുപ്പത്തിൽ കൂട്ടുന്നു, രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്ക് പുറമെ പ്രമേഹനില വർധിക്കുന്നതിനും എനർജി ഡ്രിങ്കുകൾ കാരണമാകും. എനർജി ഡ്രിങ്കുകളിൽ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണ് ഇതിന് കാരണക്കാരൻ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.











