പുറത്ത് ചക്കര പുരട്ടിയ വാക്കുകൾ പറയുന്ന മുഖ്യമന്ത്രിയും, പാർട്ടിയും കിട്ടുന്ന സമയത്തൊക്കെ മുസ്ലിം സമുദായത്തെ ഉപദ്രവിക്കുന്നു, സലാം

ബക്രീദ് ദിനവുമായി ബന്ധപ്പെട്ടുള്ള അവധി വിവാദം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സര്‍ക്കാര്‍ നീക്കമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ഇടതുപക്ഷത്തെ ന്യൂനപക്ഷങ്ങള്‍ കൈവിട്ടു അത് കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കണ്ടതാണെന്നും അദ്ദേഹം പറയുന്നു. എന്തിനാണ്, ആര്‍ക്കു വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കിയത്? ഉത്തരവ് തന്നെ പിന്‍വലിക്കണം എന്ന് ലീഗ് പറഞ്ഞതാണ്. സര്‍ക്കാര്‍ അതിന് തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ് സലാം പറയുന്നു.

നേരത്തെ വഖഫ് ബില്ലിന്റെ പേരിലും സമാന വിവാദം ഉണ്ടായി. നാടിന് ഒരു ഗുണവുമില്ല. ജനവിരുദ്ധ നയങ്ങള്‍ സര്‍ക്കാര്‍ തുടരുന്നു. സംസ്ഥാന സര്‍ക്കാരിനകത്ത് മുസ്ലിം സമുദായത്തോട് പ്രതികാരം ചെയ്യാനുള്ള സംവിധാനമുണ്ട്. ചക്കര പുരട്ടിയ വാക്കുകള്‍ പുറത്തു പറയുന്ന മുഖ്യമന്ത്രിയും, പാര്‍ട്ടിയും കിട്ടുന്ന എല്ലാ സമയത്തും മുസ്ലിം സമുദായത്തെ ഉപദ്രവിക്കുന്നു. അവരുടെ ആനുകൂല്യങ്ങള്‍ എടുത്തുകളയുന്നു. മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ ഇല്ലാതാക്കുകയാണെന്നും സലാം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മലപ്പുറം പ്രസ്താവന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകു൦ . സംഘപരിവാറിനേക്കാള്‍ കടുത്ത വര്‍ഗീയത സിപിഐഎം കേരളത്തില്‍ നടത്തുന്നു, ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യമായി സിപിഐഎം ആണ് ഉപയോഗിച്ചതെന്നും സലാം പറഞ്ഞു.