
വനംമന്ത്രി എ കെ ശശീന്ദ്രൻ സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിഷ്ക്രിയമായ ഭരണമാണ് നാട്ടിൽ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറം വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്തുവിൻ്റെ മരണത്തിനിടയാക്കിയ അപകടത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ മാർച്ചിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. കൂടാതെ അദ്ദേഹം പറയുന്നു, പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച അനന്തുവിൻ്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്ഇബി ഒരു നടപടിയും ഇതുവരെയും എടുത്തില്ലെന്ന്.
പാലക്കാട് നീലപ്പെട്ടിയുമായി വന്ന പോലെ ഇവിടെ പന്നിക്കെണിയുമായി വന്നിരിക്കുകയാണ് ഭരണകൂടം. ഗുരുതരമായ അനാസ്ഥ ഭരണകൂടത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അനന്തുവിൻ്റെ മരണത്തിനിടയാക്കിയ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അപകടത്തിന് കാരണം കെഎസ്ഇബിയുടെ വീഴ്ചയാണെന്ന് ആരോപിച്ചായിരുന്നു യുഡിഎഫ് വഴിക്കടവ് കെഎസ്ഇബി ഓഫീസിലേക്ക് മാർച്ച് നടത്തിയത്. കെഎസ്ഇബി ഓഫീസിന് മുന്നിൽ വിഡി സതീശൻ യുഡിഎഫ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കെ എം ഷാജി, വി എസ് ജോയ്, അൻവർ സാദത്ത്, ബിന്ദു കൃഷ്ണ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.











