
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാന പത്രികയ്ക്കൊപ്പം മൂന്ന് സെറ്റ് പത്രികകൂടി സി പി രാധാകൃഷ്ണന്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് അദ്ദേഹം പാര്‍ലമെന്റ് വളപ്പിലെ മഹാത്മാഗാന്ധിയുടെ അടക്കമുള്ള നേതാക്കളുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്ന പ്രേരണാ സ്ഥലിലെത്തി അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ആരോഗ്യമന്ത്രിയും ബി ജെ പി ദേശീയ അധ്യക്ഷനുമായ ജെ പി നദ്ദ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവുമാണ് സി പി രാധാകൃഷ്ണൻ. തിരുപ്പൂർ സ്വദേശിയായ അദ്ദേഹം തമിഴ്നാട് ബിജെപിയുടെ മുൻ പ്രസിഡന്റാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു മഹാരാഷ്ട്ര ഗവർണറായത്.
അതേസമയം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിക്ക് പിന്തുണയെന്ന് വൈഎസ്ആർ കോൺഗ്രസ്. സി പി രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ വൈഎസ്ആർ കോൺഗ്രസ് അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി അറിയിച്ചു.











