
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. പ്രിയങ്ക ഗാന്ധി കഴിഞ്ഞ ഒരാഴ്‌ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലിൻ്റെയും സോണിയയുടെയും ഒരുമിച്ചുള്ള വരവ്. ഒരു ദിവസത്തെ സന്ദർശനം മാത്രമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 10 ദിവസത്തെ പര്യടനം ആണ് മണ്ഡലത്തിൽ തുടരുന്നത്.
വയനാട്ടിലെത്തിയ പ്രിയങ്ക സാമൂഹിക- മതസാമുദായിക നേതാക്കൻമാരെ സന്ദർശിച്ചിരുന്നു. പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ് വയനാട് കോൺഗ്രസ്. ഈ വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടിയതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു.
ഇന്ന് പ്രിയങ്ക ഗാന്ധി കൽപ്പറ്റ ചുണ്ടെലിലെ കോഫീ പഠന കേന്ദ്രവും സന്ദർശിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് കോഫീ പഠന കേന്ദ്രത്തിൽ പ്രിയങ്ക ഗാന്ധി എത്തുന്നത്. കാപ്പി കർഷകരുമായും തൊഴിലാളികളുമായും കൂടിക്കാഴ്‌ച നടത്തുകയും അവരുടെ പ്രശ്‌നങ്ങൾ കേൾക്കുകയും ചെയ്യും. വൈകുന്നേരം 3.45 ന് കൽപ്പറ്റ കാർഷിക ഗവേഷണ കേന്ദ്രമായ എംഎസ് സ്വാമിനാഥൻ ഫൌണ്ടേഷനിലും എത്തും.











