ദിലീപിന്റെ ‘ഭ.ഭ.ബ’ ; ആഗോള റിലീസ് ഡിസംബർ 18ന്

ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഭ.ഭ.ബ എന്ന ചിത്രം 2025 ഡിസംബർ 18ന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും യുവ സംവിധായകൻ ധനഞ്ജയ് ശങ്കറിന്റേതാണ്. തിരക്കഥയെഴുതിയത് താരദമ്പതികളായ ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ്.

ദിലീപിൻ്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന വിന്റേജ് സ്റ്റൈലിൽ, അത്യന്തം സ്റ്റൈലിഷ് അവതരണത്തിലാണ് ദിലീപ് ഈ ചിത്രത്തിൽ എത്തുന്നത്.

വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കോ-പ്രൊഡ്യൂസേഴ്സ് ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി എന്നിവരാണ്.

“വേൾഡ് ഓഫ് മാഡ്‌നെസ്സ്” എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. “ഭയം, ഭക്തി, ബഹുമാനം” എന്നതിന്റെ ചുരുക്ക രൂപമായാണ് ഭ.ഭ.ബ എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്.

വമ്പൻ തീയേറ്റർ അനുഭവം വാഗ്ദാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ചിത്രത്തിൽ അതിഥിതാരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.