മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല; 1969-ലെ ചാന്ദ്രദൗത്യം തട്ടിപ്പെന്ന് കിം കർദാഷിയാൻ

1969-ലെ ചാന്ദ്ര ദൗത്യത്തെക്കുറിച്ച് നടിയും റിയാലിറ്റി ഷോ താരവുമായ കിം കർദാഷിയാൻ സംശയം പ്രകടിപ്പിച്ചതിൽ  സൈബർ ഇടങ്ങളിൽ ചർച്ചകൾ ചൂടുപിടിക്കുന്നു. ‘ദി കർദാഷിയാൻസ്’ എന്ന ഷോയുടെ കഴിഞ്ഞ ദിവസം പുറത്തുവന്ന എപ്പിസോഡിലാണ് കിം മനുഷ്യരാശിയുടെ മഹത്തായ നേട്ടങ്ങളിലൊന്നിനെക്കുറിച്ച് സംശയങ്ങൾ ഉന്നയിച്ചത്.

നടൻ സാറാ പോൾസണുമായുള്ള സംഭാഷണത്തിനിടയിലാണ് കിം തന്റെ സംശയങ്ങൾ പങ്കുവെച്ചത്. വൈറലായ ചില വീഡിയോകളെ മുൻനിർത്തിയാണ് അവർ 69-ലെ ചാന്ദ്രദൗത്യത്തെക്കുറിച്ച് സംസാരിച്ചത്. പറക്കുന്ന പതാക, പൊരുത്തമില്ലാത്ത കാൽപ്പാടുകൾ, നക്ഷത്രങ്ങളുടെ അഭാവം എന്നിവയും ദൗത്യം വ്യാജമായിരുന്നു എന്ന് വിശ്വസിക്കാൻ തന്നെ പ്രേരിപ്പിച്ച കാരണങ്ങളായി സ്കിംസ് സ്ഥാപകയായ കിം ചൂണ്ടിക്കാട്ടി. തന്നെ വിമർശിക്കുന്നവർ ‘ടിക് ടോക്കിൽ പോയി സ്വന്തമായി കണ്ടറിയുക’ എന്നാണ് താരം പ്രതികരിച്ചത്.

കിമ്മിന്റെ വാദങ്ങൾ… “ബസ്സ് ആൽഡ്രിനെയും നീൽ ആംസ്ട്രോങ്ങിനെയും കുറിച്ചുള്ള ദശലക്ഷക്കണക്കിന് ലേഖനങ്ങൾ ഞാൻ നിങ്ങൾക്ക് അയക്കുന്നുണ്ട്. നമ്മൾ ചന്ദ്രനിൽ പോയിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല. അതൊരു തട്ടിപ്പായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. എന്തുതന്നെയായാലും വിമർശകർ എന്നെ ഭ്രാന്തി എന്ന് വിളിക്കും. പക്ഷേ, നിങ്ങൾ ടിക് ടോക്കിൽ പോയി നോക്കൂ. സ്വയം കണ്ടു മനസ്സിലാക്കൂ.”

പിന്നാലെ ഈ വിഷയത്തിൽ നാസ ഉദ്യോഗസ്ഥർ പ്രതികരിക്കുകയും ചാന്ദ്ര ദൗത്യങ്ങളുടെ ആധികാരികത ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.ആറുതവണ മനുഷ്യൻ ചന്ദ്രനിൽ പോയിട്ടുണ്ടെന്ന് അദ്ദേഹം കിം കർദാഷിയാനെ മെൻഷൻ ചെയ്തുകൊണ്ട് എക്സിൽ കുറിച്ചു.

കിം പറയുന്നതിനോട് നിങ്ങൾക്ക് എന്തെങ്കിലും യോജിപ്പുണ്ടോ? ഇങ്ങനെ ഒരു സംശയം നിങ്ങൾക്ക് ഉണ്ടായിട്ടുണ്ടോ ?