
മോഹൻലാൽ സിനിമകളെ എടുത്തുകാട്ടി കേരളത്തിലെ സംരഭ മേഖലയിലുണ്ടായ മാറ്റങ്ങൾ വിവരിച്ച് മന്ത്രി പി. രാജീവ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘വരവേല്‍പ്പ്’ എന്ന ചിത്രവും പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘മിഥുനം’ എന്ന ചിത്രവും ഇതോടൊപ്പം ‘ഹൃദയപൂർവം’ സിനിമയും ചേർത്തുവച്ചാണ് മന്ത്രിയുടെ താരതമ്യം.
ബസ് സർവീസ് തുടങ്ങി പരാജയപ്പെട്ട ‘വരവേല്‍പ്പി’ലെ ഗൾഫ് മോട്ടോഴ്‌സിലെ മുരളിയും ദാക്ഷായണി ബിസ്‌കറ്റ് ഫാക്ടറി തുടങ്ങാന്‍ ശ്രമിച്ചു പരാജയപ്പെട്ട സേതുമാധവനും പഴയ കേരളത്തിന്റെ ചിത്രമാണെന്ന് പി. രാജീവ് പറയുന്നു. പുതിയ കേരളത്തിന്റെ സംരംഭക മുഖമാണ് ‘ഹൃദയപൂര്‍വ്വ’ത്തിലെ സന്ദീപ് പ്രതിനിധീകരിക്കുന്നതെന്നും മന്ത്രി കുറിച്ചു.
സംരംഭക സൗഹൃദ കേരളത്തിൽ സന്ദീപിന്റെ ക്ലൗഡ് കിച്ചൺ നിരന്തരം മെച്ചപ്പെടുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സന്ദീപിന്റെ സംരംഭവിജയം പുതിയ കേരളത്തിന്റ അതിസാധാരണ കാഴ്ച മാത്രമാണ്. 80 കളിലെ മുരളിയെ സൃഷ്ടിച്ച പ്രിയപ്പെട്ട സത്യൻ അന്തിക്കാട് തന്നെയാണ് 2025 ലെ സന്ദീപിനെയും നമുക്ക് മുന്നിൽ വരച്ചിട്ടതെന്നും മന്ത്രി കുറിച്ചു.











