പ്രശസ്ത വെബ് സീരീസ് ‘കണിമംഗലം കോവിലകം’ സിനിമയാവുന്നു

മലയാളത്തിലെ ജനപ്രിയ വെബ് സീരീസുകളിലൊന്നായ ‘കണിമംഗലം കോവിലകം’ വലിയ പ്രതീക്ഷകളോടെ ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. ‘തീപ്പൊരി ബെന്നി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രാജേഷ് മോഹനാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. 2026 ജനുവരി മാസത്തിൽ ചിത്രം തിയേറ്ററുകളിലെത്തും.

സൂപ്പർഹിറ്റ് യൂട്യൂബ് വെബ് സീരീസുകൾ സിനിമയാകുന്ന പ്രവണത മലയാളത്തിൽ ശക്തമാകുന്നതിനിടെയാണ് ‘കണിമംഗലം കോവിലകം’ ഈ നേട്ടം കൈവരിക്കുന്നത്. ‘കരിക്ക്’ ടീമിന്റെ പ്രഖ്യാപനം ഏറെ ചർച്ചയായെങ്കിലും, അതിനും മുൻപ് തന്നെ മറ്റൊരു വലിയ താരനിരയുമായി ഒരു വിജയകരമായ വെബ് സീരീസ് സിനിമയായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രധാനഭാഗങ്ങളെല്ലാം കൊല്ലത്ത് വെച്ചാണ് പൂർത്തിയാക്കിയത്.

മലയാളത്തിലെ ശ്രദ്ധേയരായ നിരവധി ഇൻഫ്ലുവൻസേഴ്‌സാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. മുഹമ്മദ് റാഫി, അജ്മൽ ഖാൻ, അഭി കൃഷ്, ടോണി കെ ജോസ്, അനൂപ് മുടിയൻ, വിഖ്നേഷ്, സാന്ദ്ര ചാണ്ടി, അമൃത അമ്മൂസ്, ഹിഫ്രാസ്, സിജോ സാജൻ, റിഷാദ് എൻ കെ, ഗോപു നായർ, അശ്വന്ത് അനിൽകുമാർ, ധനിൽ ശിവറാം എന്നിവരുൾപ്പെടുന്ന വലിയ താരനിരയാണ് സിനിമയുടെ മുഖ്യ ആകർഷണം. ഇവർക്കൊപ്പം ചലച്ചിത്രതാരങ്ങളായ സ്മിനു സിജോ, ശരത് സഭ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

കോളേജ്-ഹോസ്റ്റൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം യുവപ്രേക്ഷകർക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.