
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും സംഗീത സംവിധായകൻ പലാഷ് മുച്ചലിന്റെയും വിവാഹം മാറ്റിവച്ചു. സ്മൃതിയുടെ പിതാവ് രോഗബാധിതനായതിനെ തുടർന്നാണ് വിവാഹം അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. ഇന്ന് മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ വെച്ചാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
സ്മൃതിയുടെ മാനേജരായ തുഹിൻ മിശ്രയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. പ്രഭാതഭക്ഷണ സമയത്താണ് സ്മൃതിയുടെ പിതാവിന് പെട്ടെന്ന് തളർച്ച അനുഭവപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പിതാവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന സ്മൃതി, അദ്ദേഹം സുഖം പ്രാപിക്കുന്നതുവരെ വിവാഹം വേണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്നാണ് വിവാഹച്ചടങ്ങുകൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമാണ് സ്മൃതിയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പലാഷ് മുച്ചൽ പുറത്തുവിട്ടത്. ഇന്ത്യൻ ടീം വനിതാ ഏകദിന ലോകകപ്പ് ഉയർത്തിയ മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു പലാഷിന്റെ ഔദ്യോഗിക പ്രൊപ്പോസൽ.
കണ്ണുകെട്ടി സ്മൃതിയെ കൈപിടിച്ച് പിച്ചിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം, മൈതാന മധ്യത്തിൽ മുട്ടുകുത്തി നിന്നാണ് പലാഷ് വിവാഹാഭ്യർത്ഥന നടത്തിയത്.
പലാഷ് മുച്ചലുമായുള്ള വിവാഹ നിശ്ചയം സ്മൃതി മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ താരങ്ങളായ ജെമീമ റോഡ്രിഗസ്, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ, അരുന്ധതി റെഡ്ഡി എന്നിവർക്കൊപ്പമുള്ള വീഡിയോയിലൂടെയാണ് സ്മൃതി ആരാധകരുമായി സന്തോഷവാർത്ത പങ്കുവെച്ചത്.











