
രണ്ട് മാസം മാത്രം അകലെ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഉറപ്പിക്കാനുള്ള നിർണ്ണായക മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് കട്ടക്കിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ട്വന്റി20 മത്സരത്തിൽ ഇറങ്ങുകയാണ്. ലോകകപ്പിന് മുൻപ് ഇന്ത്യയ്ക്ക് ഇനി അവശേഷിക്കുന്നത് പത്ത് ട്വന്റി20 മത്സരങ്ങൾ മാത്രമാണ്. അതിൽ അഞ്ചെണ്ണം ഈ പരമ്പരയിലാണ്. മത്സരം ഇന്ന് വൈകീട്ട് 7 മണിക്ക് ആരംഭിക്കും.
ഹാർദിക് തിരിച്ചെത്തുന്നു; സഞ്ജു, ഗിൽ എന്നിവർക്ക് നിർണായകം
പരിക്കിൽ നിന്ന് മുക്തനായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് മടങ്ങിയെത്തുന്നതാണ് ഈ പരമ്പരയിലെ പ്രധാന ആകർഷണം. ഏഷ്യാകപ്പിനിടെ പരുക്കേറ്റതിനെ തുടർന്ന് പുറത്തായിരുന്ന ഹാർദിക്, സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ടീമിൽ തിരിച്ചെത്തിയത്. ഹാർദിക്കിന്റെ സാന്നിധ്യം ടീമിന്റെ ബാലൻസിംഗിൽ നിർണായകമാകും. അർഷ്‍ദീപ് സിംഗിന് പകരം ശിവം ദുബെയ്ക്ക് ഇന്ന് അവസരം ലഭിക്കാനാണ് സാധ്യത.
വിക്കറ്റ് കീപ്പർ സ്ഥാനത്തും ഓപ്പണിംഗ് കോമ്പിനേഷനിലും ഇന്ത്യയ്ക്ക് ഇനിയും വ്യക്തത വരേണ്ടതുണ്ട്. ട്വന്റി20 ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ട്വന്റി20-യിൽ കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരങ്ങളിൽ മൂന്നാമതാണ് സഞ്ജു സാംസൺ. എന്നാൽ സഞ്ജുവിന് ഓപ്പണിംഗിൽ നിന്ന് മാറി യുവതാരം ശുഭ്മൻ ഗില്ലിനാണ് അവസരം നൽകിയിട്ടുള്ളത്. അഭിഷേക് ശർമ മികച്ച പ്രകടനം തുടരുമ്പോൾ, ഗില്ലിന് ഓപ്പണിംഗ് സ്ഥാനം നിലനിർത്താൻ ദക്ഷിണാഫ്രിക്കൻ പരമ്പര നിർണായകമാണ്.
സൂര്യകുമാർ യാദവിൻ്റെ ഫോം ആശങ്ക
ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയുടെ വലിയ ആശങ്ക ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ (എസ്.കെ.വൈ) ഫോമാണ്. കഴിഞ്ഞ ജൂലൈയിൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത ശേഷം 15 ഇന്നിങ്സുകളിൽ നിന്ന് ഒരു അർധ സെഞ്ചുറി പോലും നേടാൻ സൂര്യകുമാറിന് സാധിച്ചിട്ടില്ല. അടുത്ത 10 മത്സരങ്ങൾ ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റ്‌സ്മാൻ എന്ന നിലയിലും സൂര്യയ്ക്ക് നിർണായകമാണ്.
ലോകകപ്പ് ഫൈനലിസ്റ്റുകൾ നേർക്കുനേർ വരുന്ന ഈ പരമ്പര, ലോകകപ്പിന് മുൻപ് ടീമിൻ്റെ എല്ലാ തലവേദനകൾക്കും ഉത്തരം നൽകുമെന്ന പ്രതീക്ഷയിലാണ് സെലക്ടർമാർ.











