
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന അടുത്ത വർഷത്തെ ഫിഫ ലോകകപ്പിന്‍റെ മത്സരക്രമം ഇന്ന് അറിയാം. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിനായുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വാഷിംഗ്ടൺ ഡി.സി.യിലെ കെന്നഡി സെന്‍ററിൽ വെച്ച് നടക്കും. ഇന്ത്യൻ സമയം രാത്രി 10:30-നാണ് ചടങ്ങുകൾ ആരംഭിക്കുക.
നറുക്കെടുപ്പ് ഫിഫയുടെ ഔദ്യോഗിക വെബ്സൈറ്റായ FIFA.com വഴിയും ഫിഫയുടെ യൂട്യൂബ് ചാനൽ വഴിയും തത്സമയം കാണാൻ സാധിക്കും. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിലാവും ടീമുകളുടെ ഗ്രൂപ്പ് നിർണ്ണയിക്കുക. കമ്പ്യൂട്ടർ അധിഷ്ഠിതമായ സംവിധാനം ഉപയോഗിച്ചാണ് നറുക്കെടുപ്പ് നടത്തുന്നത്.
ഫിഫ റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ 12 ടീമുകൾ വീതം ഉൾപ്പെടുന്ന നാല് പോട്ടുകളായാണ് ടീമുകളെ തരംതിരിച്ചിട്ടുള്ളത്. ഈ നാല് പോട്ടുകളിൽ നിന്നുള്ള ഓരോ ടീമുകൾ വീതം നാല് ടീമുകളുള്ള 12 ഗ്രൂപ്പുകളിൽ ഇടംനേടും. ആതിഥേയരായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നീ ടീമുകൾക്കൊപ്പം മുൻനിര ടീമുകളായ സ്പെയിൻ, അർജന്‍റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, ബ്രസീൽ, നെതർലൻഡ്സ്, ബെൽജിയം, ജർമ്മനി എന്നിവരാണ് പോട്ട് ഒന്നിൽ ഉള്ളത്.
പോട്ട് രണ്ടിൽ ക്രൊയേഷ്യ, മൊറോക്കോ, കൊളംബിയ, ഉറുഗ്വേ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, സെനഗൽ, ഇറാൻ, കൊറിയ റിപ്പബ്ലിക്, ഇക്വഡോർ, ഓസ്ട്രിയ, ഓസ്ട്രേലിയ ടീമുകൾ ഉൾപ്പെടുന്നു.
പോട്ട് മൂന്നിൽ നോർവേ, പനാമ, ഈജിപ്ത്, അൾജീരിയ, സ്കോട്ട്ലൻഡ്, പരാഗ്വേ, ടുണീഷ്യ, ഐവറി കോസ്റ്റ്, ഉസ്ബെക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക ടീമുകളാണുള്ളത്.
പോട്ട് നാലിൽ ജോർദാൻ, കാബോ വെർഡെ, ഘാന, കുറസാവോ, ഹെയ്തി, ന്യൂസിലൻഡ്, യൂറോപ്യൻ പ്ലേഓഫ് എ, ബി, സി, ഡി വിജയികൾ, ഫിഫ പ്ലേ ഓഫ് ടൂർണമെന്റ് 1, 2 എന്നിവയിലെ വിജയിച്ചെത്തുന്ന ടീമുകളുമാണുള്ളത്.
റാങ്കിംഗിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള സ്പെയിൻ, അർജന്‍റീന എന്നീ ടീമുകളും മൂന്നും നാലും സ്ഥാനക്കാരായ ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ ടീമുകളും ഫൈനലിന് മുൻപ് പരസ്പരം മത്സരിക്കാത്ത രീതിയിലായിരിക്കും നറുക്കെടുപ്പ് ക്രമീകരിക്കുക. കൂടാതെ, ബ്രസീലും അർജന്‍റീനയും ഉൾപ്പെടുന്ന കോൺമബോൾ (CONMEBOL) മേഖലയിലെ രണ്ട് ടീമുകൾ ഒരേ ഗ്രൂപ്പിൽ ഉൾപ്പെടില്ല എന്ന പ്രത്യേകതയുമുണ്ട്.
ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ലോകകപ്പ് ടൂർണമെന്‍റ് നടക്കുക. ആകെ 48 ടീമുകളിൽ 42 ടീമുകൾ ഇതിനോടകം യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ബാക്കിയുള്ള ആറ് സ്ഥാനങ്ങൾ പ്ലേ ഓഫ് മത്സരങ്ങളിലൂടെയാണ് നിശ്ചയിക്കുക. നറുക്കെടുപ്പിന് മുൻപും ശേഷവും വിവിധ സംഗീത പരിപാടികളും അരങ്ങേറും.











