ബോളിവുഡിന്റെ ‘ഹീ-മാൻ; ഇതിഹാസ താരം ധര്‍മ്മേന്ദ്ര (89) അന്തരിച്ചു

ബോളിവുഡിന്റെ ഇതിഹാസ താരം ധര്‍മ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. അമിതാഭ് ബച്ചൻ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ധര്‍മ്മേന്ദ്രയുടെ വസതിയിലെത്തി. നടി ഹേമ മാലിനിയാണ് ഭാര്യ.

പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമേന്ദ്രയുടെ ജനനം. ബോളിവുഡിന്റെ ‘ഹീ-മാൻ’ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകിയിരുന്ന വിശേഷണം. 1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം ഭി തേരേ’ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്.

ഹഖീഖത്ത്, ഫൂൽ ഔർ പത്തർ, മേരാ ഗാവ് മേരാ ദേശ്, സീത ഔർ ഗീത, ചുപ്‌കെ ചുപ്‌കെ, ഷോലെ തുടങ്ങിയ സിനിമകളിലെ തൻ്റെ വിസ്മയകരമായ പ്രകടനത്തിലൂടെ ധർമേന്ദ്ര ബിഗ് സ്‌ക്രീനുകൾ ഭരിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും സുന്ദരനും വാണിജ്യപരമായി വിജയവും സ്വന്തമാക്കിയ ചലച്ചിത്ര താരങ്ങളിൽ ഒരാളായി ധർമ്മേന്ദ്ര മാറി.

ആറ് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ അദ്ദേഹം 300ലധികം സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിന്ദി സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചതിൻ്റെ റെക്കോർഡും ധർമ്മേന്ദ്രയുടെ പേരിലാണ്. 1973ൽ അദ്ദേഹം എട്ട് ഹിറ്റുകളും 1987ൽ തുടർച്ചയായി ഏഴ് ഹിറ്റുകളും ഒമ്പത് വിജയ ചിത്രങ്ങളും നൽകി. സണ്ണി, ബോബി, അജിത, വിജേത, ഇഷ, അഹാന എന്നിവരാണ് മക്കൾ.