‘പൊതുപ്രവർത്തകൻ എന്ന നിലയിൽ രാഹുൽ ചെയ്തത് കടുത്ത തെറ്റ്’; രാഹുൽ മാങ്കൂട്ടത്തിനെതിരെ രൂക്ഷവിമർശനവുമായി അഖിൽ മാരാർ

കോൺഗ്രസ് യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉയർന്നുവന്ന പുതിയ ശബ്ദരേഖകളിലും ചാറ്റുകളിലും പ്രതികരണവുമായി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ രംഗത്ത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും രാഹുൽ ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത തെറ്റാണെന്ന് അഖിൽ മാരാർ തുറന്നടിച്ചു.

പുറത്തുവന്ന ഫോൺ സംഭാഷണങ്ങളിൽ രാഹുൽ ഒരു പെൺകുട്ടിയോട് കാണിച്ച പെരുമാറ്റം ക്രൂരവും മനഃസാക്ഷി ഇല്ലാത്തതുമാണ് എന്നും അഖിൽ മാരാർ അഭിപ്രായപ്പെട്ടു. “പ്രണയബന്ധം ഉണ്ടാകുന്നതും അതിലൂടെ ഗർഭം ധരിക്കുന്നതും മനസ്സിലാക്കാം. എന്നാൽ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിക്കുകയും, അതിനുശേഷം ‘നീ എനിക്കുവേണ്ടി ഗർഭിണിയാകൂ’ എന്ന് ആവശ്യപ്പെട്ടശേഷം, ഗർഭത്തിന്റെ പ്രശ്‌നങ്ങൾ പറയുമ്പോൾ അതിനെ നിസ്സാരവൽക്കരിച്ച് സംസാരിക്കുകയും, കുഞ്ഞിനെ കൊന്നുകളയാൻ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ല,” അഖിൽ മാരാർ വിമർശിച്ചു.

‘മാപ്പ് ചോദിച്ച് മുന്നോട്ട് പോകണം’

ഇതുപോലുള്ള തെറ്റുകൾ ചെയ്ത ശേഷം സമൂഹത്തിൽ നന്മയുടെ മുഖംമൂടി അണിഞ്ഞ് നടക്കുന്നതിന് പകരം, രാഹുൽ മാങ്കൂട്ടത്തിൽ ആദ്യം ആ പെൺകുട്ടിയോടും തുടർന്ന് സമൂഹത്തോടും മാപ്പ് ചോദിച്ച് മുന്നോട്ട് പോകാനുള്ള ഒരവസരം ചോദിക്കുകയാണ് വേണ്ടതെന്നും അഖിൽ പറയുന്നു.

ഈ വിവാദങ്ങളെ രാഹുലിനെ തകർക്കാനുള്ള നീക്കമായി കാണുന്ന ചില രാഷ്ട്രീയ നിലപാടുകളെയും അഖിൽ മാരാർ തന്റെ കുറിപ്പിൽ നിശിതമായി വിമർശിക്കുന്നുണ്ട്. നിലവിൽ കേരളത്തിൽ ഉയർന്നു വന്ന മറ്റ് ചില വിവാദ താരങ്ങളുടെ പേരുകൾ എടുത്തു പറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള തന്റെ ശക്തമായ അഭിപ്രായം രേഖപ്പെടുത്തിയത്.