വിജയ് സേതുപതി – പുരി ജഗനാഥ് ചിത്രം: ചിത്രീകരണം പൂർത്തിയായി; വൈകാരിക വീഡിയോ പുറത്ത്

മിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ബഹുഭാഷാ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ഷൂട്ടിങ്ങിന്റെ അവസാന ദിവസം വിജയ് സേതുപതി, നിർമ്മാതാവ് ചാർമി കൗർ, സംവിധായകൻ പുരി ജഗനാഥ് എന്നിവർ പരസ്പരം സംവദിക്കുന്ന മനോഹരമായ ഒരു വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ചിത്രീകരണ യൂണിറ്റിനെയും സംവിധായകനെയും താൻ മിസ് ചെയ്യുമെന്ന് വിജയ് സേതുപതി വീഡിയോയിൽ പറഞ്ഞു. ഇത്രയും ദിവസങ്ങൾ കൊണ്ട് എല്ലാവരുമായി രൂപപ്പെട്ട വൈകാരിക ബന്ധത്തെക്കുറിച്ച് പുരി ജഗനാഥും ചാർമി കൗറും സംസാരിച്ചു. പുരി ജഗനാഥിന്റെ ജാക്കറ്റിനെക്കുറിച്ച് സരസമായി സംസാരിച്ച വിജയ് സേതുപതി വീഡിയോയിൽ ചിരി പടർത്തുകയും ചെയ്തു.സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം തബു, കന്നഡ താരം വിജയ് കുമാർ, ബ്രഹ്മാജി, വി ടി വി ഗണേഷ് എന്നിവരും താരനിരയിലുണ്ട്.

ഒരു ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ഈ പ്രൊജക്റ്റ്, പുരി കണക്റ്റിൻ്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും, ജെ ബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ ബി നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ് നിർമ്മിക്കുന്നത്. ജൂലൈ മാസത്തിൽ ഹൈദരാബാദിൽ വെച്ചായിരുന്നു ചിത്രത്തിൻ്റെ ആദ്യ ഷെഡ്യൂൾ ആരംഭിച്ചത്.’അർജുൻ റെഡ്ഡി’, ‘കബീർ സിങ്’, ‘അനിമൽ’ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് സംഗീതം നൽകിയ ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കിയാണ് ഈ മെഗാ ബഡ്‍ജറ്റ് ചിത്രം ഒരുക്കുന്നത്. തൻ്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് ഈ ചിത്രമൊരുക്കുന്നത്. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ചിത്രീകരണം അവസാനിച്ചതോടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈകാതെ പുറത്തു വരും. അതോടെ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ആരംഭിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമ്മാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സംഗീതം -ഹർഷവർധൻ രാമേശ്വർ, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിംഗ്- ഹാഷ്‍ടാഗ് മീഡിയ, പിആർഒ- ശബരി.