നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവുണങ്ങി; അയോധ്യയിൽ കാവിക്കൊടി ഉയർത്തി മോദി

അയോധ്യ രാമക്ഷേത്രത്തിന്റെ നിർമാണം പൂർത്തീകരിച്ചതിന്റെ പ്രതീകമായി ക്ഷേത്ര ഗോപുരത്തിൽ പ്രധാനമന്ത്രി കാവി പതാക ഉയർത്തി.

പത്തടി ഉയരവും 20 അടി നീളവുമുള്ളതാണു പതാക. ത്രികോണാകൃതിയിലുള്ള പതാകയിൽ നടുക്ക് സൂര്യ അടയാളവും അതിനുള്ളിൽ ഓം ചിഹ്നവും ആലേഖനം ചെയ്തിട്ടുണ്ട്.

ആത്മാഭിമാനം, ഐക്യം, സാംസ്കാരിക തുടർച്ച എന്നിവയെ പ്രതിനിധീകരിക്കുന്നതാണ് പതാക. പ്രധാന ക്ഷേത്രത്തിൽ പ്രാർഥന നടത്തി, ആരതി ഉഴിഞ്ഞ ശേഷമാണ് മോദി പതാക ഉയർത്തിയത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള മുറിവാണ് ഇന്ന് ഉണങ്ങിയതെന്ന് മോദി ചടങ്ങിൽ പ്രസംഗിക്കവേ പറഞ്ഞു. ‘‘നമ്മൾ ശ്രീരാമഭഗവാനിൽ നിന്ന് പഠിക്കണം. അദ്ദേഹത്തിന്റെ വ്യക്തിത്വം മനസ്സിലാക്കണം അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ സ്വാംശീകരിക്കണം, 2047ൽ രാജ്യം സ്വാതന്ത്രത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ഒരു വികസിത രാഷ്ട്രം കെട്ടിപ്പടുക്കണം.

ഇന്ത്യയുടെ അടുത്ത ആയിരം വർഷത്തേക്കുള്ള അടിത്തറ നമ്മൾ ശക്തമാക്കണമെന്നും മോദി പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ചടങ്ങിൽ പങ്കെടുത്തു.