ഐഫോൺ എയർ വിൽപ്പന കുറഞ്ഞതോടെ അൾട്രാ-സ്ലിം ഫോൺ പദ്ധതികളിൽ നിന്ന് ചൈനീസ് കമ്പനികൾ പിന്മാറുന്നു

ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ അവതരിപ്പിച്ച ഏറ്റവും കനം കുറഞ്ഞ സ്മാർട്ട്‌ഫോൺ മോഡലായ ഐഫോൺ എയർ കമ്പനിയുടെ പ്രതീക്ഷകൾ നിറവേറ്റാനാകാതെ പോയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെറും 5.6 മില്ലീമീറ്റർ മാത്രം കട്ടിയുള്ള ഈ മോഡലിന് ആപ്പിൾ വലിയ വരവേൽപ്പ് പ്രതീക്ഷിച്ചിരുന്നെങ്കിലും വിപണിയിലെ പ്രതികരണം നിരാശാജനകമായി. ഇതിനെ തുടർന്ന് മോഡലിന്റെ ഉൽപ്പാദനം കുറച്ചിട്ടിരിക്കുകയാണ്.

ഐഫോൺ എയറിന് ലഭിച്ച ദുർബല പ്രതികരണം പരിഗണിച്ച്, അൾട്രാ-സ്ലിം ഫോണുകളുടെ വികസന പദ്ധതികളിൽ നിന്നും നിരവധി ചൈനീസ് കമ്പനികൾ പിന്നോട്ടടിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാക് വേൾഡ് നൽകിയ വിവരങ്ങൾ ഉദ്ധരിച്ച് ബിസിനസ് സ്റ്റാൻഡേർഡ് നൽകിയ റിപ്പോർട്ടനുസരിച്ച് ഷവോമി, ഓപ്പോ, വിവോ എന്നിവയുടെ സൂപർ-സ്ലിം ഫോൺ പദ്ധതികൾ അനിശ്ചിതമായി നിർത്തിവച്ചിരിക്കുകയാണ്.

ഷവോമി ‘ട്രൂ എയർ’ എന്ന പേരിൽ ഐഫോൺ എയറിനോട് മത്സരിക്കാവുന്ന ഒരു മോഡൽ പരിഗണിച്ചിരുന്നതായും വിവോ അവരുടെ എസ്-സീരീസ് നിരയിൽ കൂടുതൽ മെലിഞ്ഞ ഒരു മിഡ്-റേഞ്ച് ഫൺ അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഐഫോൺ എയർ വിപണിയിൽ ശ്രദ്ധ നേടാതെ പോയതിനെ തുടർന്ന് ഈ രണ്ട് കമ്പനികളും പദ്ധതികൾ മാറ്റിവെച്ചിരിക്കുകയാണ്. ഓപ്പോയും നിലവിലുള്ള പരമ്പരാഗത സ്മാർട്ട്‌ഫോൺ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

വലിയ പ്രചാരണത്തോടെയായിരുന്നു സെപ്റ്റംബറിൽ ഐഫോൺ എയർ വിപണിയിൽ എത്തിയത്. ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും കനം കുറഞ്ഞഐഫോണെന്ന പ്രത്യേകതയുണ്ടായിരുന്നെങ്കിലും കുറഞ്ഞ ബാറ്ററി ശേഷിയും ഒറ്റ റിയർ ക്യാമറ സജ്ജീകരണവുമാണ് ഉപഭോക്താക്കളെ വീഴ്ത്താതിരുന്നതിന് പ്രധാന കാരണം. പുറത്തിറങ്ങിയതിനു പിന്നാലെ വിൽപ്പന കുറഞ്ഞ നില തുടർന്നതോടെ ആപ്പിളിന്റെ പ്രധാന വിതരണക്കാരായ ലക്‌സ്‌ഷെയറും ഫോക്‌സ്‌കോണും ഉൽപ്പാദനം നിർത്തിവച്ചതായി റിപ്പോർട്ടുകളുണ്ട്.

ഐഫോൺ എയറിന്റെ രണ്ടാമത്തെ തലമുറ മോഡൽ അവതരിപ്പിക്കണമെന്ന ആപ്പിളിന്റെ പദ്ധതിയും ഉപേക്ഷിക്കപ്പെട്ടതായാണ് സൂചന.