‘ധർമ്മവും ഭരണഘടനയും ഒന്നുതന്നെ’; പവൻ കല്യാണിന്റെ പ്രസ്താവന വിവാദത്തിൽ, കോൺഗ്രസ് വിമർശനം

ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേനാ പാർട്ടി അധ്യക്ഷനുമായ പവൻ കല്യാൺ നടത്തിയ പ്രസ്താവന രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് തിരികൊളുത്തി. ധർമ്മവും ഇന്ത്യൻ ഭരണഘടനയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നാണ് കർണാടകയിലെ ഉഡുപ്പിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടത്.

“ചിലർ ധർമ്മവും ഭരണഘടനയും രണ്ട് വ്യത്യസ്ത ലോകങ്ങളിലാണെന്ന് കരുതുന്നു. എന്നാൽ അത് ശരിയല്ല. ധർമ്മം ഒരു ധാർമിക വഴികാട്ടിയാണ്, ഭരണഘടന ഒരു നിയമപരമായ വഴികാട്ടിയും. നീതിയും സമാധാനവുമുള്ള ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് രണ്ടിലൂടെയും ലക്ഷ്യമിടുന്നത്,” പവൻ കല്യാൺ പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിൽ ഭഗവദ്ഗീത ഉപദേശിക്കുന്ന കൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിനെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. ഭരണഘടനയുടെ മൂല്യങ്ങൾ ഭഗവദ്ഗീതയുടെ സാരത്തിൽ വേരൂന്നിയതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഈ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ നിര ശക്തമായി രംഗത്തെത്തി. ഭരണഘടന മതേതര സ്വഭാവമുള്ളതാണെന്നും അതിൽ മതപരമായ ധർമ്മത്തിന് സ്ഥാനമില്ലെന്നും കോൺഗ്രസ് നേതാവായ ബി.കെ. ഹരിപ്രസാദ് പ്രതികരിച്ചു. നിയമത്തെക്കുറിച്ചും ധർമ്മത്തെക്കുറിച്ചും ശരിയായ ധാരണയില്ലാത്തവരാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെയും കുറ്റപ്പെടുത്തി. ധർമ്മത്തെയും ഭരണഘടനയെയും ഒരുമിച്ച് കാണാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സനാതന ധർമ്മത്തെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾക്കെതിരെ ഹിന്ദുക്കൾ ഉണർന്നെഴുന്നേൽക്കണമെന്നും, പ്രതിരോധത്തിനായി ശബ്ദമുയർത്തണമെന്നും പവൻ കല്യാൺ തന്റെ പ്രസംഗത്തിൽ ആവശ്യപ്പെട്ടു.