സ്റ്റൈലിന്റെ ചക്രവർത്തി; ന്യൂയോർക്ക് ടൈംസിന്റെ ലോകത്തെ ‘ഏറ്റവും സ്റ്റൈലിഷായ’വരുടെ പട്ടികയിൽ ഷാരൂഖ് ഖാൻ

മുംബൈ: ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ അന്താരാഷ്ട്ര ഫാഷൻ ലോകത്ത് വീണ്ടും ഇന്ത്യയുടെ അഭിമാനമുയർത്തി. പ്രമുഖ അമേരിക്കൻ പ്രസിദ്ധീകരണമായ ‘ദ ന്യൂയോർക്ക് ടൈംസ്’ ഈ വർഷത്തെ “ഏറ്റവും സ്റ്റൈലിഷായ 67 വ്യക്തികളുടെ” പട്ടികയിൽ കിംഗ് ഖാനെ ഉൾപ്പെടുത്തി. ഈ ആഗോള ലിസ്റ്റിൽ ഇടം നേടുന്ന ഏക ഇന്ത്യൻ സെലിബ്രിറ്റിയാണ് അദ്ദേഹം.

ഈ വർഷമാദ്യം ന്യൂയോർക്കിൽ നടന്ന മെറ്റ് ഗാലയിലെ താരത്തിന്റെ ശ്രദ്ധേയമായ അരങ്ങേറ്റമാണ് ഈ അന്താരാഷ്ട്ര അംഗീകാരത്തിന് പ്രധാന കാരണം. ‘സബ്യസാചി മുഖർജി’ രൂപകൽപ്പന ചെയ്ത ഓൾ-ബ്ലാക്ക് മെൻസ് വെയർ ലുക്കിലാണ് ഷാരൂഖ് ഖാൻ റെഡ് കാർപ്പറ്റിൽ എത്തിയത്.

സൂപ്പർഫൈൻ വൂളിൽ തീർത്ത നീളൻ കോട്ടും, സിൽക്ക് ഷർട്ടും, ടെയ്ലേർഡ് ട്രൗസറുകളും ചേർന്ന ഈ വേഷം അദ്ദേഹത്തിന്റെ സ്വാഭാവികമായ പ്രൗഢിക്ക് അടിവരയിട്ടു. ‘K’ എന്ന അക്ഷരം പതിച്ച ക്രിസ്റ്റൽ പെൻഡന്റ് ഉൾപ്പെടെയുള്ള ലെയേർഡ് ആഭരണങ്ങളും, ബംഗാൾ ടൈഗർ ഹെഡ് കെയ്‌നും (Bengal Tiger Head Cane) ഈ ലുക്കിന് രാജകീയ ഭംഗി നൽകി.

“തന്റെ ആരാധകവൃന്ദത്താൽ ‘SRK’ എന്നറിയപ്പെടുന്ന ബോളിവുഡിലെ ഏറ്റവും വലിയ താരവും, ലോകത്തിലെ ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാളുമാണ് അദ്ദേഹം. ആദ്യമായി പങ്കെടുത്ത മെറ്റ് ഗാലയെ പോലും തൻ്റെ പ്രഭാവലയത്തിലേക്ക് കൊണ്ടുവരാൻ അദ്ദേഹത്തിനായി,” എന്നാണ് ന്യൂയോർക്ക് ടൈംസ് ഷാരൂഖ് ഖാനെക്കുറിച്ച് കുറിച്ചത്.

സബ്രീന കാർപെന്റർ, എ.എസ്.എ.പി റോക്കി, ജെന്നിഫർ ലോറൻസ് തുടങ്ങിയ ലോകമെമ്പാടുമുള്ള കലാകാരന്മാരും കായികതാരങ്ങളും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.