തിരുവനന്തപുരം കോർപ്പറേഷൻ: ആദ്യ സൂചനകളിൽ എൻഡിഎ മുന്നിൽ; അട്ടിമറി സാധ്യതയെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തലസ്ഥാനത്ത് അട്ടിമറി സൂചന നൽകി എൻഡിഎ മുന്നണിക്ക് നേരിയ മുൻതൂക്കം. ആദ്യ റൗണ്ടിലെ ഫലസൂചനകൾ അനുസരിച്ച് എൻഡിഎ എട്ട് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫ് നാല് സീറ്റിലും യുഡിഎഫ് ഒരു സീറ്റിലുമാണ് നിലവിൽ മുന്നിട്ടുനിൽക്കുന്നത്. മറ്റ് സീറ്റുകളിലെ ഫലങ്ങൾ കൂടി പുറത്തുവന്നാൽ മാത്രമേ അന്തിമ ചിത്രം വ്യക്തമാകൂ.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുഖ്യപ്രതിപക്ഷമായിരുന്ന എൻഡിഎ ഇത്തവണ ഭരണം പിടിക്കുമെന്ന ശക്തമായ അവകാശവാദമാണ് ഉന്നയിച്ചിരുന്നത്. അതേസമയം, നിലവിലെ ഭരണകക്ഷിയായ എൽഡിഎഫിന് ആദ്യ സൂചനകൾ ആശ്വസിക്കാൻ വക നൽകുന്നില്ല. പ്രമുഖ സ്ഥാനാർത്ഥിയായ ശബരീനാഥനെ രംഗത്തിറക്കിയിട്ടും യുഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗമാണുള്ളതെന്നും എൽഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റുകൾ ലഭിക്കുമെന്നാണ് മന്ത്രിയുടെ ആത്മവിശ്വാസം.

“സംസ്ഥാനത്താകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ തരംഗമാണ് കാണാൻ സാധിക്കുന്നത്. ഒരു സർക്കാർ അധികാരത്തിലിരിക്കുമ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ പൊതുവെ ഭരണവിരുദ്ധ വികാരം ഉണ്ടാകാൻ സാധ്യതയുണ്ടല്ലോ. എന്നാൽ, പ്രവർത്തകർ വീടുകളിൽ പോയപ്പോൾ അങ്ങനെയൊരു വികാരം ഒരിടത്തും ഉണ്ടായിട്ടില്ല. എല്ലാവരും വളരെ സംതൃപ്തരാണ്,” വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം ജില്ലയെ സംബന്ധിച്ചിടത്തോളം അത്യുജ്ജ്വലമായ വിജയമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 14ൽ 13 സീറ്റും എൽഡിഎഫ് നേടിയിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തേക്കാൾ മെച്ചപ്പെട്ട നിലയിലാണ് ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി,” മന്ത്രി വിലയിരുത്തി.