
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, ഇലക്ട്രിക് വാഹന (EV) മേഖലയിൽ വലിയ മുന്നേറ്റത്തിനൊരുങ്ങുന്നു. അടുത്ത വർഷങ്ങളിലായി ഇ.വി ബാറ്ററികളും മറ്റ് പ്രധാന ഇലക്ട്രിക് ഘടകങ്ങളും രാജ്യത്തിനകത്ത് തന്നെ നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ കമ്പനി തയ്യാറാക്കി വരികയാണ്. ഇന്ത്യയിലെ ഇലക്ട്രിക് മൊബിലിറ്റി സംവിധാനത്തെ ശക്തിപ്പെടുത്തുകയും ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ-വിടാര (e-Vitara) അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് പദ്ധതി. നിലവിൽ ബാറ്ററികൾ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും, ഘട്ടംഘട്ടമായി ദേശിയവൽക്കരണം നടപ്പാക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ (മാർക്കറ്റിംഗ് & സെയിൽസ്) പാർഥോ ബാനർജി വ്യക്തമാക്കി.
പ്രധാന കുടുംബ വാഹനമായി ഇ.വി സ്വീകരിക്കാൻ വിശ്വാസം വേണം
ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ വ്യാപകമായി സ്വീകരിക്കപ്പെടണമെങ്കിൽ, ഉപഭോക്താക്കൾക്ക് അവയെ പ്രധാന കുടുംബ വാഹനമായി വാങ്ങാനുള്ള ആത്മവിശ്വാസം ഉണ്ടാകണമെന്ന് ബാനർജി പറഞ്ഞു. ഇപ്പോൾ ഭൂരിഭാഗം ഉപഭോക്താക്കളും റേഞ്ച് ആശങ്കകളും പൊതു ചാർജിംഗ് സൗകര്യങ്ങളുടെ കുറവും കാരണം ഇ.വികളെ രണ്ടാമത്തെ വാഹനമായാണ് പരിഗണിക്കുന്നത്.
ആദ്യഘട്ട ഇ.വി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട അനുഭവങ്ങൾ, പ്രത്യേകിച്ച് ഡ്രൈവിംഗ് റേഞ്ച് സംബന്ധിച്ചുള്ള ആശങ്കകൾ, ഉപഭോക്താക്കളിൽ പ്രതികൂല ധാരണ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ.വി വിപണി പ്രവചനങ്ങൾ വീണ്ടും വിലയിരുത്തും
2030 സാമ്പത്തിക വർഷത്തിനകം അഞ്ച് ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാനാണ് മാരുതി സുസുക്കിയുടെ ലക്ഷ്യം. ആ സമയത്ത്, 55–60 ലക്ഷം പാസഞ്ചർ വാഹന വിപണിയിൽ ഇ.വികൾക്ക് 13–15 ശതമാനം പങ്ക് ലഭിക്കുമെന്നായിരുന്നു മുൻ കണക്കുകൾ. എന്നാൽ, പുതിയ ജിഎസ്ടി മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ ഈ പ്രവചനങ്ങൾ വീണ്ടും പരിശോധിക്കുമെന്ന് ബാനർജി അറിയിച്ചു.
വിപുലമായ ഇൻഫ്രാസ്ട്രക്ചർ വികസനം
ഇ.വി സ്വീകരണം വേഗത്തിലാക്കുന്നതിനായി, 1,100 നഗരങ്ങളിലായി 1,500 ഇ.വി-സജ്ജമായ സർവീസ് സെന്ററുകൾ സ്ഥാപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിനകം 2,000 ചാർജിംഗ് പോയിന്റുകൾ സജ്ജീകരിച്ചിട്ടുള്ള മാരുതി, 2030 ഓടെ ഡീലർമാരുടെയും ചാർജിംഗ് പങ്കാളികളുടെയും സഹകരണത്തോടെ ഒരു ലക്ഷം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയാണ് ലക്ഷ്യമിടുന്നത്.
ഉപയോഗിച്ച ഇ.വികളുടെ പുനർവില്പന മൂല്യം സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാൻ, ഉറപ്പുള്ള ബൈബാക്ക് പദ്ധതികളും സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലുള്ള ഉടമസ്ഥത മോഡലുകളും കമ്പനി വികസിപ്പിച്ചുവരികയാണ്.
അന്താരാഷ്ട്ര വിപണിയിലേക്കും ഇ-വിടാര
ഇ-വിടാരയുടെ കയറ്റുമതി ഇതിനകം ആരംഭിച്ചു. ഇതുവരെ ഏകദേശം 10,000 വാഹനങ്ങൾ 26 രാജ്യങ്ങളിലേക്കാണ് അയച്ചിരിക്കുന്നത്. ശക്തമായ ഉൽപ്പന്നങ്ങളും മികച്ച ആഫ്റ്റർ-സെയിൽസ് പിന്തുണയും സമ്പൂർണ്ണ ഇ.വി ഇക്കോസിസ്റ്റവും ഉണ്ടാകുമ്പോഴാണ് ഉപഭോക്തൃ വിശ്വാസം വർധിക്കുകയും ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി വേഗത്തിൽ വളരുകയും ചെയ്യുകയെന്ന് ബാനർജി വ്യക്തമാക്കി.











