ഒടിടിയിലും വിജയം ആവർത്തിച്ച് ‘കാന്ത’; നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങായി ദുൽഖർ സൽമാൻ ചിത്രം

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് സംവിധാനം ചെയ്ത ‘കാന്ത’ ഒടിടി റിലീസിനുശേഷവും ശക്തമായ പ്രേക്ഷകസ്വീകാര്യത നേടുകയാണ്. ഡിസംബർ 12ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ എത്തിയ ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ട്രെൻഡിങ്ങിലുണ്ട്. തീയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ‘കാന്ത’, ദുൽഖറിന്റെ ശക്തമായ അഭിനയമാണ് പ്രധാനമായും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്.

ദുൽഖറിന്റെ വേഫേറർ ഫിലിംസും റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് ചിത്രം നിർമിച്ചത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവർ നിർമാതാക്കളായ ചിത്രം കേരളത്തിൽ തീയേറ്റർ റിലീസായി എത്തിച്ചതും വേഫേറർ ഫിലിംസാണ്.

ഡിജിറ്റൽ റിലീസിന് പിന്നാലെ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ അതീവ ഉത്സാഹജനകമാണ്. ദുൽഖർ സൽമാൻ, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബതി എന്നിവർ കാഴ്ചവച്ച അഭിനയവും ചിത്രത്തിന്റെ അവതരണ മികവും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലും നിരൂപകരിലും നിന്ന് പ്രശംസ നേടുന്നു. ദുൽഖറിന്റെ കരിയറിലെ ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്നായാണ് ‘കാന്ത’ വിലയിരുത്തപ്പെടുന്നത്. ‘നടിപ്പ് ചക്രവർത്തി’ എന്ന പേരിൽ അറിയപ്പെടുന്ന ടി. കെ. മഹാദേവൻ എന്ന കഥാപാത്രമായാണ് ദുൽഖർ ചിത്രത്തിൽ എത്തുന്നത്. 1950കളിലെ മദ്രാസിനെയും തമിഴ് സിനിമാ ലോകത്തെയും പശ്ചാത്തലമാക്കി ഒരുക്കിയ ഒരു പീരിയഡ് ഡ്രാമയാണ് ചിത്രം.

ആദ്യ പകുതിയിൽ ക്ലാസിക് ഡ്രാമയുടെ ഭാവത്തിൽ മുന്നേറുന്ന സിനിമ, രണ്ടാം പകുതിയിൽ അന്വേഷണത്തിന് പ്രാധാന്യമുള്ള ത്രില്ലർ സ്വഭാവത്തിലേക്ക് മാറി പ്രേക്ഷകരെ ആകർഷിക്കുന്നു. രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാളത്തിൽ നിരവധി ശ്രദ്ധേയ ചിത്രങ്ങൾ നിർമിച്ച വേഫേറർ ഫിലിംസിന്റെ ആദ്യ അന്യഭാഷാ സംരംഭമാണ് ‘കാന്ത’. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും നെറ്റ്ഫ്ലിക്സിലൂടെ പ്രദർശനത്തിലുണ്ട്.