
കരൂരിലെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച സംഭവത്തിൽ ചോദ്യം ചെയ്യലിനായി തമിഴക വെട്രി കഴകം നേതാവ് വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായി. തിങ്കളാഴ്ച ഉച്ചയോടെയാണ് താരം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയത്. സുപ്രീം കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്ത കേസിലാണിപ്പോൾ നിർണ്ണായകമായ മൊഴിയെടുപ്പ് നടക്കുന്നത്.
ചെന്നൈ നീലാങ്കരയിലെ വസതിയിൽ നിന്നും കറുത്ത ഷർട്ടും പാന്റും ധരിച്ച് അതീവ ഗൗരവത്തോടെയാണ് വിജയ് യാത്ര തിരിച്ചത്. കറുത്ത വെൽഫയർ കാറിൽ വിമാനത്താവളത്തിലെത്തിയ താരം അവിടെ നിന്ന് ചാർട്ടേഡ് വിമാനത്തിലാണ് ഡൽഹിയിലേക്ക് പറന്നത്. ടിവികെ നേതാക്കളായ ആദവ് അർജുന, നിർമൽ കുമാർ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു. ഡൽഹിയിൽ വിമാനമിറങ്ങിയ ശേഷം ഏകദേശം 20 കിലോമീറ്ററോളം റേഞ്ച് റോവർ കാറിൽ സഞ്ചരിച്ചാണ് അദ്ദേഹം സിബിഐ ഓഫിസിലെത്തിയത്.
റാലിയുടെ ആസൂത്രണത്തിലുണ്ടായ പിഴവുകൾ, സുരക്ഷാ ക്രമീകരണങ്ങൾ, സംഭവദിവസം താരം എത്തിയ സമയക്രമം എന്നിവയെക്കുറിച്ചാണ് സിബിഐ പ്രധാനമായും ചോദിച്ചറിയുന്നത്. നിശ്ചയിച്ച സമയത്തേക്കാൾ വൈകി വിജയ് എത്തിയത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ തടസ്സമായോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന വിശദമായ ചോദ്യം ചെയ്യലിനാണ് സിബിഐ തയ്യാറെടുത്തിരിക്കുന്നത്.
കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ടിവികെ ആസ്ഥാനത്ത് നിന്ന് വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. 2025 സെപ്റ്റംബർ 27-ന് നടന്ന റാലിയിലുണ്ടായ അപകടത്തിൽ തമിഴ്‌നാട് സർക്കാരിനും പോലീസിനും വീഴ്ച പറ്റിയതായി ടിവികെ നേരത്തെ ആരോപിച്ചിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമോ എന്ന ആശങ്കയിൽ വൻ പോലീസ് സുരക്ഷയാണ് സിബിഐ ആസ്ഥാനത്തിന് പുറത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.











