വൈരമുത്തുവിന് നേരെ ചെരുപ്പേറ്; തമിഴ്‌നാട്ടിൽ സംഘർഷാവസ്ഥ, സ്ത്രീ കസ്റ്റഡിയിൽ

തമിഴ് സിനിമാ ലോകത്തെ പ്രശസ്ത ഗാനരചയിതാവും കവിയുമായ വൈരമുത്തുവിന് നേരെ ചെരുപ്പേറ്. തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ ഒരു സാഹിത്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വൈരമുത്തു വേദിയിലേക്ക് പ്രവേശിക്കാൻ തുടങ്ങവെയാണ് കാണികൾക്കിടയിൽ നിന്ന സ്ത്രീ അദ്ദേഹത്തിന് നേരെ ചെരുപ്പ് എറിഞ്ഞത്.

തിരുപ്പൂർ ജില്ലാ കളക്ടറേറ്റിന് സമീപം വെച്ചായിരുന്നു സംഭവം. കൊങ്കു കലൈ ഇലക്കിയ പൻപാട്ടു പേരവൈയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വൈരമുത്തുവിന് സ്വീകരണം നൽകുന്നതിനിടെ അപ്രതീക്ഷിതമായി സ്ത്രീ ചെരുപ്പ് ഊരി എറിയുകയായിരുന്നു. എന്നാൽ ചെരുപ്പ് അദ്ദേഹത്തിന്റെ ശരീരത്തിൽ കൊണ്ടില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആക്രമണത്തിന് പിന്നാലെ പരിസരത്ത് ചെറിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലനിന്നു.

സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി സ്ത്രീയെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തിൽ ഇവർക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് വിവരം ലഭിച്ചിരിക്കുന്നത്. എന്തിനാണ് ഇവർ ഇത്തരമൊരു പ്രവർത്തി ചെയ്തതെന്ന കാര്യത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വൈരമുത്തുവിനെ സുരക്ഷിതമായി പരിപാടി നടക്കുന്ന ഹാളിലേക്ക് മാറ്റി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.