
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടയിൽ പ്രിയപ്പെട്ട ഭർത്താവിന്റെ പഴയൊരു സമ്മാനത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടി ഷംന കാസിം. ഭർത്താവ് ഷാനിദ് തന്നോട് ആദ്യമായി പ്രണയം തുറന്നു പറഞ്ഞ ദിവസം സമ്മാനിച്ച മനോഹരമായ ഗൗൺ അണിഞ്ഞുകൊണ്ടുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. വർഷങ്ങളോളം അലമാരയിൽ സൂക്ഷിച്ചുവെച്ച ആ ഗൗണിനെക്കുറിച്ച് ഷംന പങ്കുവച്ച ഓർമകൾ ആരാധകരുടെ മനംകവരുന്നു.
‘അദ്ദേഹം ആദ്യമായി ‘ഐ ലവ് യു’ എന്ന് പറഞ്ഞതിന്റെ ഓർമയ്ക്കായി സമ്മാനിച്ച ഗൗൺ. വർഷങ്ങളോളം അത് അലമാരയിൽ ആഘോഷങ്ങൾക്കായി കാത്തിരുന്നു. ഇന്ന് എന്റെ മാതൃത്വത്തിന്റെ ആഘോഷവേളയിൽ അത് വീണ്ടും പുഞ്ചിരിച്ചു. എന്റെ പ്രിയപ്പെട്ട ഭർത്താവിന്, എന്റെ കൈകൾ ചേർത്തുപിടിച്ച് ഈ ദിവസത്തെ ഒരു സ്വപ്‌നത്തേക്കാൾ മനോഹരമാക്കിയതിന് ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും. കഴിഞ്ഞ ദിവസം ഷംനയുടെ ബേബി ഷവർ ആഘോഷമായി നടത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്.
View this post on Instagram
ദുബായിൽ വ്യവസായിയായ ഷാനിദ് ആസിഫലിയും ഷംനയും 2022-ലാണ് വിവാഹിതരായത്. ഇവർക്ക് ഹംദാൻ എന്നൊരു മകനുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് താൻ രണ്ടാമതും അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത ഷംന പങ്കുവെച്ചത്. ഗർഭകാലത്തിന്റെ ഓരോ ഘട്ടവും ആഘോഷമാക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.











