ഡ്യൂപ്പില്ലാതെ ആ സീനെല്ലാം ചെയ്‌തു; സംഗീത് പ്രതാപിനെപ്പറ്റി അരുൺ വർമ്മ

നിവിൻ പോളി നായകനായ ബേബി ഗേളി’ലേക്ക് സംഗീത് പ്രതാപിനെ തിരഞ്ഞെടുത്തത് കരിയറിലെ ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നുവെന്ന് സംവിധായകൻ അരുൺ വർമ. സംഗീതിന്റെ പിറന്നാൾ ദിനത്തിൽ ആശംസയറിയിച്ച് പങ്കിട്ട കുറിപ്പിലാണ് അരുൺ ഈ കാര്യം വെളിപ്പെടുത്തിയത്.

ചിത്രത്തിന്റെ ഷൂട്ടിനിടെ ഡ്യൂപ്പില്ലാതെ സാഹസിക രംഗങ്ങൾ ചെയ്ത നടന്റെ ആത്മവിശ്വാസത്തെ ‘നമ്മളാരും കാണാത്ത സാഹസികൻ’ എന്നാണ് സംവിധായകൻ വിശേഷിപ്പിച്ചത്. ഈ ത്രില്ലർ ചിത്രത്തിൽ സംഗീത് അവതരിപ്പിക്കുന്ന ‘ഋഷി’ എന്ന കഥാപാത്രത്തിലേക്കുള്ള നടന്റെ പരകായപ്രവേശത്തെക്കുറിച്ചും അരുൺ വർമ വാചാലനായി.

സംഗീത് പ്രതാപും ലിജോ മോളും തങ്ങളുടെ കഥാപാത്രങ്ങളായി മാറുന്ന അപൂർവ്വ നിമിഷം ഷൂട്ടിംഗിനിടയിൽ ക്യാമറയിൽ പകർത്തിയ ഒരു കാൻഡിഡ് ചിത്രവും ഇതിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എഡിറ്റിങിൽ നിന്ന് അഭിനയത്തിലേലേക്ക് എത്തിയ സംഗീത്, ഓരോ ഫ്രെയിമിലും തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അരുൺ വർമ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.