“പിഷാരടി ലാഭം നോക്കി രാഷ്ട്രീയത്തിൽ ഇറങ്ങുന്നു”; ആസ്തി പുറത്തായതിന് പിന്നാലെ വിമർശനവുമായി അഖിൽ മാരാർ

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ നടൻ രമേഷ് പിഷാരടിയുടെ ആസ്തിവിവരങ്ങൾ ചർച്ചയാകുന്നതിനിടെ രൂക്ഷവിമർശനവുമായി അഖിൽ മാരാർ. ഇന്നലെ വരെ സ്വന്തം ലാഭം മാത്രം നോക്കി ജീവിച്ച പിഷാരടി, രാഷ്ട്രീയത്തിൽ ഇറങ്ങുന്നതും വീണ്ടും ലാഭം കൊയ്യാനാണെന്ന് തൃക്കാക്കരയിലെ ട്വന്റി 20 സ്ഥാനാർത്ഥി കൂടിയായ അഖിൽ മാരാർ ആരോപിച്ചു. താനും പിഷാരടിയും തമ്മിലുള്ള രാഷ്ട്രീയ നിലപാടുകളിലെ വ്യത്യാസം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് അഖിൽ രംഗത്തെത്തിയത്.

നാളിതുവരെ ഒരു ജനകീയ വിഷയങ്ങളിലും നേരിട്ട് ഇടപെടാത്ത വ്യക്തിയാണ് പിഷാരടിയെന്ന് അഖിൽ മാരാർ പരിഹസിച്ചു. സ്വന്തം ജീവിതവും കുടുംബവും സുരക്ഷിതമാക്കി കോടികൾ സമ്പാദിച്ച ശേഷം, ജയസാധ്യതയുള്ള സീറ്റ് ലഭിച്ചപ്പോൾ മാത്രമാണ് അദ്ദേഹം മത്സരിക്കാൻ തയ്യാറായതെന്നും അഖിൽ പറഞ്ഞു. മമ്മൂട്ടിയുടെയും ആന്റോ ജോസഫിന്റെയും താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സ്വന്തം അധികാരം ഉറപ്പിക്കാനാണ് പിഷാരടി ശ്രമിക്കുന്നതെന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

അതേസമയം, തന്റെ രാഷ്ട്രീയ ജീവിതം ജനകീയ സമരങ്ങളിലൂടെയും കേസുകളിലൂടെയുമാണ് മുന്നോട്ട് പോയതെന്ന് അഖിൽ അവകാശപ്പെട്ടു. ബിഗ് ബോസിൽ പോകുന്നതിന് മുമ്പ് താൻ സാമ്പത്തികമായി തകർന്നിരുന്ന അവസ്ഥയിലായിരുന്നുവെന്നും, കടം തീർക്കാൻ വേണ്ടിയാണ് ആ ഷോയിൽ പങ്കെടുത്തതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിജയത്തിന് ശേഷവും താൻ ജനകീയ വിഷയങ്ങളിൽ സധൈര്യം സംസാരിക്കുന്നുണ്ടെന്നും, ലാഭനഷ്ടങ്ങൾ നോക്കാതെ പ്രവർത്തിക്കുന്ന തന്നെയും പിഷാരടിയെയും തമ്മിൽ താരതമ്യം ചെയ്യരുതെന്നും അഖിൽ കൂട്ടിച്ചേർത്തു.