
മലയാളത്തിൽ വലിയ തരംഗം സൃഷ്ടിച്ച ‘വാഴ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ 2- ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്’ ഏപ്രിൽ 2-ന് തിയേറ്ററുകളിലെത്തും. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ ‘ദൃശ്യം 3’ അതേ ദിവസം റിലീസ് ചെയ്യുന്നതിനാലുള്ള വലിയ ബോക്സ് ഓഫീസ് മത്സരത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണെങ്കിലും, ആരെയും വെല്ലുവിളിക്കാനല്ല മറിച്ച് പ്രേക്ഷകരെ രസിപ്പിക്കാനാണ് തങ്ങൾ എത്തുന്നതെന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ. വേനലവധി കാലം ആഘോഷമാക്കാൻ ലക്ഷ്യമിട്ടാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.നവാഗതനായ സവിൻ എസ്.എ. സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് വിപിൻ ദാസാണ്. സോഷ്യൽ മീഡിയയിലൂടെ സുപരിചിതരായ ഹാഷിർ, അലൻ, വിനായക്, അജിൻ, അൽ അമീൻ, നിഹാൽ, നിബ്രാസ്സ്, ഷഹുബാസ്, സാബിർ തുടങ്ങിയ യുവതാരങ്ങളാണ് രണ്ടാം ഭാഗത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഇവരെ കൂടാതെ സുധീഷ്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ആദ്യ ഭാഗത്തിലെ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് എന്നത് ആരാധകരിൽ ആവേശം വർദ്ധിപ്പിക്കുന്നു.വിപിൻ ദാസ് പ്രൊഡക്ഷൻസിന്റെയും ഇമാജിൻ സിനിമാസിന്റെയും ബാനറിൽ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണവും അങ്കിത് മേനോൻ സംഗീതവും നിർവ്വഹിക്കുന്നു. തൃക്കാക്കര, ദുബായ്, ജോർജിയ എന്നിവിടങ്ങളിലായി 115 ദിവസത്തോളമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ‘വാഴ’യുടെ ആദ്യ ഭാഗം നേടിയ വൻ വിജയം രണ്ടാം ഭാഗത്തിനും ആവർത്തിക്കാൻ കഴിയുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.











