
സാങ്കേതിക വിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും കാലത്ത് കേരളത്തിലെ യുവാക്കൾക്ക് പുത്തൻ പ്രതീക്ഷയേകി സംസ്ഥാന സർക്കാരിന്റെ വികസന പദ്ധതികൾ. ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് സ്വന്തം നാട്ടിൽ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജോലി ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടപ്പിലാക്കി വരുന്നത്.
കേരളത്തിന്റെ തൊഴിൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ലിങ്ക്ഡ്ഇൻ ടാലന്റ് ഇൻസൈറ്റ്സ് റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിലെ പ്രൊഫഷണൽ തൊഴിൽ ശക്തിയിൽ വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, അക്കൗണ്ടിംഗ്, അധ്യാപനം എന്നീ മേഖലകളിലാണ് ഈ മുന്നേറ്റം പ്രകടം.ഗ്രാമങ്ങളിലേക്കും വൻകിട കമ്പനികൾ: നഗരങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഐടി വ്യവസായം ഇപ്പോൾ ഗ്രാമങ്ങളിലേക്കും പടരുകയാണ്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിച്ച “സോഹോ കോർപ്പറേഷൻ” ഇതിന് മികച്ച ഉദാഹരണമാണ്.
- പെരുമ്പാവൂരിലെ കിൻഫ്ര പാർക്കിൽ ആഗോള ഇലക്ട്രോണിക്സ് ഭീമന്മാരായ കെയ്ൻസ് ടെക്നോളജി തങ്ങളുടെ യൂണിറ്റ് സ്ഥാപിക്കുന്നു. അമേരിക്കയിൽ നിന്നുപോലും നാല് പ്രൊഫഷണലുകൾ ജോലി ഉപേക്ഷിച്ച് ഇവിടെ ചേരാൻ കേരളത്തിലേക്ക് മടങ്ങിയെത്തി എന്നത് അഭിമാനകരമായ നേട്ടമാണ്. കെയ്ൻസ് പൂർണ്ണമായി പ്രവർത്തനക്ഷമമാകുന്നതോടെ 1500 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.
- കാക്കനാട് ഇലക്ട്രോണിക്സ് പാർക്കിൽ വി-ഗാർഡ് തങ്ങളുടെ ഗവേഷണ കേന്ദ്രം ആരംഭിച്ചു. ഇത് ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് മേഖലകളിൽ ആദ്യഘട്ടത്തിൽ 400 തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.
കിൻഫ്രയുടെ കുതിപ്പ്: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കിൻഫ്ര പാർക്കുകളിലൂടെ മാത്രം 27,335 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കിൻഫ്രയുടെ മുപ്പത് വർഷത്തെ ചരിത്രത്തിലെ ആകെ തൊഴിലവസരങ്ങളുടെ 40 ശതമാനവും ഈ ചുരുങ്ങിയ കാലയളവിലാണ് ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്.
സേവന മേഖലയിലെ കരുത്ത്: നിതി ആയോഗിന്റെ കണക്കുകൾ പ്രകാരം സേവന മേഖലയിൽ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. കേരളത്തിലെ തൊഴിൽ ശക്തിയുടെ ശതമാനവും സേവന മേഖലയിലാണ്. പീരിയോഡിക് ലേബർ ഫോഴ്സ് സർവ്വേ (PLFS) പ്രകാരം 2011-12ൽ സംസ്ഥാനത്തെ സേവനമേഖലയിലെ തൊഴിൽ ശക്തിയുടെ 42.6% ഇപ്പോൾ 48.5% ആയി ഉയർന്നു. ദേശീയ ശരാശരി 29.7 ശതമാനം മാത്രമാണെന്നിരിക്കെയാണ് കേരളത്തിന്റെ ഈ നേട്ടം.
പുത്തൻ തൊഴിൽ സാധ്യതകൾ: പരമ്പരാഗത ജോലികൾക്ക് പുറമെ ആഗോള അക്കൗണ്ടിംഗ്, ടാക്സേഷൻ (IRS) തുടങ്ങിയ മേഖലകളിൽ യുവാക്കളെ പ്രാപ്തരാക്കാൻ അസാപ് (ASAP) പ്രത്യേക പരിശീലനം നൽകുന്നു. എൻറോൾഡ് ഏജന്റുമാരായി ജോലി ലഭിക്കുന്നവർക്ക് തുടക്കത്തിൽ തന്നെ 6 ലക്ഷം രൂപ വരെയും, പരിചയസമ്പന്നർക്ക് 20 ലക്ഷം രൂപ വരെയും വാർഷിക വരുമാനം നേടാനാകും.
- ഡിജിറ്റൽ കേരളം – കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സ്വന്തം നാട്ടിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. നിലവിൽ അയ്യായിരത്തിലധികം സ്റ്റാർട്ടപ്പ് കമ്പനികളാണ് കെഎസ്‌യുമിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത്. തൊഴിലന്വേഷകരെയും ദാതാക്കളെയും ബന്ധിപ്പിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം.
- വർക്ക് നിയർ ഹോം: വീടിനടുത്ത് ഇരുന്ന് ജോലി ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി.
- സ്റ്റാർട്ടപ്പ് മിഷൻ: അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകളിലൂടെ പുതുസംരംഭകർക്ക് കരുത്തേകുന്നു. കോളേജുകളിലെ ഐ.ഇ.ഡി.സി (IEDC) സെന്ററുകൾ വഴി വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വളർത്തുന്നു.ആധുനിക അടിസ്ഥാന സൗകര്യങ്ങളും കൃത്യമായ നൈപുണ്യ പരിശീലനവും ഉറപ്പാക്കുന്നതിലൂടെ കേരളത്തിലെ പ്രതിഭകളുടെ കൊഴിഞ്ഞുപോക്ക് തടയാനും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകം എവിടെയുമാകട്ടെ, ജോലി കേരളത്തിൽ – എന്നതാണ് പുതിയ ലക്ഷ്യം.











