
താൻ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ്. ‘പെരിമെനോപോസ്’ (Perimenopause) എന്ന അവസ്ഥയിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും അത് തന്റെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നും രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. “എനിക്ക് കുട്ടികളില്ല, കല്യാണം കഴിച്ചിട്ടില്ല, ഇപ്പോൾ കാമുകനുമില്ല, എന്നിട്ടും ശരീരത്തിലുണ്ടാകുന്ന ഈ ഹോർമോൺ മാറ്റങ്ങൾ എന്നെ വല്ലാതെ അലട്ടുന്നു,” എന്ന് താരം മനസുതുറന്നു.
സ്ത്രീകളിൽ ആർത്തവവിരാമത്തിന് മുന്നോടിയായി ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചാണ് രഞ്ജിനി സംസാരിച്ചത്. പെട്ടെന്നുണ്ടാകുന്ന ദേഷ്യം, അമിതമായ ഉത്കണ്ഠ, ഉറക്കമില്ലായ്മ, ശരീരമാകെ ചൂട് അനുഭവപ്പെടുക (Hot Flashes) തുടങ്ങിയ ലക്ഷണങ്ങൾ താൻ അനുഭവിക്കുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി. പലപ്പോഴും കാരണവുമില്ലാതെ കരച്ചിൽ വരുമെന്നും തന്റെ പെരുമാറ്റത്തിൽ വരുന്ന മാറ്റങ്ങൾ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാറുണ്ടെന്നും രഞ്ജിനി വീഡിയോയിൽ പറയുന്നു.
തന്റെ ഈ തുറന്നുപറച്ചിൽ സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന മറ്റ് സ്ത്രീകൾക്ക് ഒരു ബോധവൽക്കരണമാകണമെന്നാണ് രഞ്ജിനി ആഗ്രഹിക്കുന്നത്. “പലരും ഈ ഘട്ടത്തെക്കുറിച്ച് സംസാരിക്കാൻ മടിക്കുന്നു. എന്നാൽ ഇത് സ്വാഭാവികമായ ഒരു മാറ്റമാണെന്ന് തിരിച്ചറിയണം,” എന്ന് താരം ഓർമ്മിപ്പിച്ചു. കൃത്യമായ വൈദ്യസഹായം തേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും കുടുംബാംഗങ്ങളുടെ പിന്തുണയെക്കുറിച്ചും രഞ്ജിനി വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. താരത്തിന്റെ ഈ സത്യസന്ധമായ വെളിപ്പെടുത്തലിന് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.











