‘ശോഭയുടേത് നാണംകെട്ട പരിപാടി, സുരേഷ് ഗോപിയുടെ കാര്യത്തിൽ കുറ്റബോധം’; തുറന്നടിച്ച് നാദിറ മെഹ്‌റിൻ

ബിജെപി നേതാക്കൾക്കെതിരെയും പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾക്കെതിരെയും കടുത്ത വിമർശനവുമായി ബിഗ് ബോസ് താരവും മാധ്യമപ്രവർത്തകയുമായ നാദിറ മെഹ്‌റിൻ. എത്ര പണം വാഗ്ദാനം ചെയ്താലും താൻ ബിജെപിയുമായി സഹകരിക്കില്ലെന്നും തന്റെ സഹോദരങ്ങൾ സമാധാനത്തോടെ ഉറങ്ങുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും നാദിറ വ്യക്തമാക്കി. വോട്ടിന് വേണ്ടി കിറ്റും പണവും നൽകുന്ന ശോഭാ സുരേന്ദ്രന്റെ നടപടി ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതും ‘നാണംകെട്ട പരിപാടിയും’ ആണെന്ന് താരം തുറന്നടിച്ചു.

സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു താനെന്നും എന്നാൽ ഇപ്പോൾ അതിൽ വലിയ കുറ്റബോധം തോന്നുന്നുണ്ടെന്നും നാദിറ പറഞ്ഞു. സഹായം തേടി വരുന്ന സാധാരണമനുഷ്യരോട് ‘ഇത് തന്റെ വകുപ്പല്ല’ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ഒരു ഭരണാധികാരി നാടിന് വലിയ തോൽവിയാണെന്ന് അവർ ചൂണ്ടിക്കാട്ടി. തൃശൂരിലെ വോട്ടർമാർക്ക് ഇപ്പോൾ ഈ കുറ്റബോധം ഉണ്ടാകുമെന്നും, ഭരണാധികാരിയെന്ന നിലയിൽ ഇത്രയും വിവരമില്ലായ്മ അദ്ദേഹത്തിന് എവിടെ നിന്ന് ലഭിച്ചു എന്നും നാദിറ ചോദിച്ചു.

ട്വന്റി ട്വന്റിയിലേക്കോ എൻഡിഎയിലേക്കോ താൻ ഒരിക്കലും പോകില്ലെന്നത് തന്റെ വ്യക്തിപരമായ നിലപാടാണെന്നും നാദിറ കൂട്ടിച്ചേർത്തു. പണത്തേക്കാൾ ഉപരിയായി മതനിരപേക്ഷതയും സമാധാനവുമാണ് പ്രധാനമെന്നും അവർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമയത്ത് പണം നൽകി വോട്ട് വാങ്ങുന്നത് ഒരു മോശം വോട്ടിംഗ് രീതിയാണെന്നും ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ചെയ്യുന്ന ഇത്തരം പ്രവണതകൾ ജനാധിപത്യത്തെ അവഹേളിക്കുന്നതാണെന്നും താരം വിമർശിച്ചു.