മഞ്ജു വാര്യരുടെ ‘മിസ്റ്റർ എക്സിന്’ മികച്ച അഭിപ്രായം; പക്ഷേ ബോക്സ് ഓഫീസ് കളക്ഷൻ നിരാശാജനകം

സൂപ്പർ താരം ആര്യ, മഞ്ജു വാര്യർ, ഗൗതം കാർത്തിക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത സ്പൈ ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘മിസ്റ്റർ എക്സ്’. ഏപ്രിൽ 17-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നതെങ്കിലും ബോക്സ് ഓഫീസിൽ അത് പ്രതിഫലിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയ്ക്ക് അനുകൂലമായ അഭിപ്രായങ്ങൾ വരുന്നുണ്ടെങ്കിലും ആദ്യ ദിനങ്ങളിലെ കളക്ഷൻ പ്രതീക്ഷിച്ച അത്രയും ഉയർന്നിട്ടില്ല.

റിലീസ് ദിനത്തിൽ 2892 ഷോകളിൽ നിന്നായി ഏകദേശം 1.36 കോടി രൂപയാണ് ചിത്രത്തിന് നേടാനായത്. മികച്ച അഭിപ്രായം ഉണ്ടായിട്ടും കളക്ഷൻ കുറയാൻ പ്രധാന കാരണം തിയേറ്ററുകളിൽ കുറഞ്ഞ ഷോകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത് എന്നതാണ്. വരും ദിവസങ്ങളിൽ മൗത്ത് പബ്ലിസിറ്റിയിലൂടെ കളക്ഷൻ വർധിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. വിഷ്ണു വിശാലിന്റെ ഹിറ്റ് ചിത്രമായ ‘എഫ്.ഐ.ആറി’ന് ശേഷം മനു ആനന്ദ് ഒരുക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ സിനിമയെ നോക്കിക്കണ്ടത്.

ഇന്റലിജൻസ് ഏജൻസികൾ രാജ്യത്തിന് നേരെയുണ്ടായ ഭീഷണികളെ എങ്ങനെ പ്രതിരോധിച്ചു എന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ സ്പൈ ത്രില്ലർ ഒരുക്കിയിരിക്കുന്നത്. രാജസ്ഥാൻ, ഹോസൂർ, ചെന്നൈ, അസർബൈജാൻ തുടങ്ങിയ ഇടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ശരത് കുമാർ, അതുല്യ രവി, അനഘ, റൈസ വിൽസൺ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. വിനീത് ജെയിനും എസ്. ലക്ഷ്മൺ കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.