ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം ‘ഡിസി’: തിയേറ്ററുകളിലേക്ക്; അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ചെന്നൈ: മുൻനിര സംവിധായകൻ ലോകേഷ് കനകരാജ് ആദ്യമായി നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ഡിസി’ (DC) എന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ഈ മാസ് ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രം ഓഗസ്റ്റ് 7-നാണ് തിയേറ്ററുകളിൽ എത്തുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

വാമിഖ ഖബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ‘ദേവദാസ്’ എന്ന കഥാപാത്രമായി ലോകേഷ് കനകരാജ് തകർത്തഭിനയിക്കുമ്പോൾ ‘ചന്ദ്ര’ എന്ന ശക്തമായ വേഷത്തിലാണ് വാമിഖ എത്തുനന്ത്. ‘റോക്കി’, ‘സാനി കായിദം’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ ഒരുക്കുന്ന ചിത്രം കൂടിയാണിത്. അനിരുദ്ധ് രവിചന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച പ്രീ-സെയിൽ ബുക്കിംഗാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സഞ്ജന കൃഷ്ണമൂർത്തിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന് മുകേഷ് ജി. ഛായാഗ്രഹണവും ജി.കെ. പ്രസന്ന എഡിറ്റിംഗും നിർവ്വഹിക്കുന്നു. വടക്കേ ഇന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.