മലയാളത്തിന്റെ വാമ്പയർ ആക്ഷൻ ത്രില്ലർ ‘ഹാഫ്’; ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ

മലയാള സിനിമയിൽ നിന്ന് ഒരുങ്ങുന്ന വാമ്പയർ ആക്ഷൻ ത്രില്ലർ ‘ഹാഫ്’ സെപ്റ്റംബറിൽ നടക്കുന്ന ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (TIFF) വേൾഡ് പ്രീമിയർ നേടും. ഫെസ്റ്റിവലിലെ ശ്രദ്ധേയമായ ‘മിഡ്നൈറ്റ് മാഡ്‌നസ്’ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ സജീവും സജീവ് പി.കെ.യും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സംജാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് പ്രവീൺ വിശ്വനാഥാണ്. രണ്ട് ഹാഫ്-ബ്ലഡ് വാമ്പയറുകളെ കേന്ദ്രകഥാപാത്രങ്ങളാക്കി റോഡ് ആക്ഷൻ, പ്രതികാരം, വാമ്പയർ മിത്തോളജി എന്നിവ സമന്വയിപ്പിച്ചാണ് കഥ മുന്നേറുന്നത്.

രഞ്ജിത് സജീവ്, ഐശ്വര്യ രാജ്, അബ്ബാസ്, അമല പോൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഉത്തരേന്ത്യൻ റിലീസും ഹിന്ദി പതിപ്പിന്റെ വിതരണവും എക്സൽ എന്റർടെയിൻമെന്റും എഎ ഫിലിംസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. മലയാള സിനിമയുമായി എക്സൽ എന്റർടെയിൻമെന്റ് ആദ്യമായി സഹകരിക്കുന്ന പദ്ധതിയെന്ന പ്രത്യേകതയും ‘ഹാഫി’നുണ്ട്.

ചിത്രത്തെക്കുറിച്ച് പ്രതികരിച്ച എക്സൽ എന്റർടെയിൻമെന്റിന്റെ സഹസ്ഥാപകൻ റിതേഷ് സിധ്വാനി, വ്യത്യസ്തമായ സിനിമകളെ പിന്തുണയ്ക്കുന്നതിൽ എപ്പോഴും താൽപര്യമുണ്ടെന്നും ആദ്യ കാഴ്ചയിൽ തന്നെ ‘ഹാഫ്’ ശ്രദ്ധ നേടിയെന്നും പറഞ്ഞു. സവിശേഷമായ സിനിമാറ്റിക് ഭാഷയും ശക്തമായ സൃഷ്ടിപരമായ കാഴ്ചപ്പാടുമുള്ള ചിത്രമാണിതെന്നും, പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സഹസ്ഥാപകൻ ഫർഹാൻ അക്തറും സംവിധായകൻ സംജാദിന്റെ അവതരണശൈലിയെ പ്രശംസിച്ചു. ചിത്രത്തിന്റെ വൈകാരികതയും അസംസ്കൃതമായ അവതരണരീതിയും തന്നെ ആകർഷിച്ചുവെന്നും, പ്രേക്ഷകരിലേക്ക് ഈ സിനിമ എത്തിക്കുന്നതിൽ വലിയ ആവേശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2024-ൽ പുറത്തിറങ്ങിയ മർഡർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ഗോളം’ എന്ന ചിത്രത്തിന് ശേഷം ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, സംവിധായകൻ സംജാദ്, തിരക്കഥാകൃത്ത് പ്രവീൺ വിശ്വനാഥ് എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഹാഫ്’. ചിത്രത്തിന്റെ ആഗോള റിലീസ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

‘ദി റെയ്ഡ് 2’, ‘ദി നൈറ്റ് കംസ് ഫോർ അസ്’ തുടങ്ങിയ അന്താരാഷ്ട്ര ശ്രദ്ധ നേടിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആക്ഷൻ കൊറിയോഗ്രാഫർ വെരി ട്രൈ യുലിസ്മാനാണ് ‘ഹാഫി’ന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിനായി രഞ്ജിത് സജീവിനും ഐശ്വര്യ രാജിനും മാസങ്ങളോളം പ്രത്യേക പരിശീലനം നൽകിയ അദ്ദേഹം, അഭിനേതാക്കളെ സ്വന്തം സ്റ്റണ്ടുകൾ അവതരിപ്പിക്കാൻ തയ്യാറാക്കി. ഇന്ത്യൻ ആക്ഷൻ സിനിമകളിലെ പതിവ് ശൈലികളിൽ നിന്ന് വ്യത്യസ്തമായി, സ്ലോ-മോഷൻ രംഗങ്ങൾ ഒഴിവാക്കിയ യാഥാർഥ്യബോധമുള്ള ആക്ഷൻ അവതരണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ദേശീയ അവാർഡ് ജേതാക്കളായ എഡിറ്റർ മഹേഷ് ഭുവനേന്ദ്, പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ്, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവർക്കൊപ്പം ഛായാഗ്രാഹകൻ പാപ്പിനുവും സംഗീതസംവിധായകൻ മിഥുൻ മുകുന്ദനും സാങ്കേതിക സംഘത്തിലുണ്ട്. രാജസ്ഥാനിലെ മരുഭൂമികൾ, കേരളത്തിലെ ഹിൽ സ്റ്റേഷനുകൾ, കസാഖിസ്ഥാനിലെ മഞ്ഞുമൂടിയ പ്രദേശങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ ലൊക്കേഷനുകളിൽ 117 ദിവസങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഹാഫ്’, വിപുലമായ ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

പാൻ-ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പ്രദർശനത്തിനെത്തും. മോഹൻലാൽ നായകനായ ‘പ്രണയം’ എന്ന ചിത്രത്തിലൂടെ സിനിമാ നിർമാണരംഗത്തേക്ക് കടന്നുവന്ന ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, വ്യത്യസ്തമായ വലിയ സിനിമകളിലേക്കുള്ള പുതിയ ചുവടുവയ്പ്പായാണ് ‘ഹാഫി’നെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിലേക്കുള്ള അന്താരാഷ്ട്ര സിനിമകളുടെ വിതരണത്തിലും നിർമ്മാണ കമ്പനിയുടെ സമീപകാല സാന്നിധ്യം ശ്രദ്ധേയമാണ്.