സെപ്റ്റംബർ 25ന് ‘ആരം’ തിയേറ്ററുകളിലേക്ക്; സൈജു കുറുപ്പ് നായകനാകുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ

ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോക്ടർ ജുനൈസ് ബാബു ഗുഡ് ഹോപ്പ് നിർമ്മിച്ച് രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ‘ആരം’ സെപ്റ്റംബർ 25ന് തിയേറ്ററുകളിലെത്തും. ക്രൈം ത്രില്ലർ, സൈക്കോളജിക്കൽ ഡ്രാമ, ഇൻവെസ്റ്റിഗേറ്റീവ് സസ്‌പെൻസ് എന്നീ ഘടകങ്ങൾ സമന്വയിപ്പിച്ചൊരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ ശ്രദ്ധ നേടിയിരുന്നു.

‘കിനാവള്ളി’യുടെ തിരക്കഥാകൃത്തായ വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നന്മയും അതിജീവനവും തമ്മിലുള്ള നേർത്ത അതിർവരമ്പുകളും, സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളും അതിനെ തുടർന്നുള്ള ഉദ്വേഗജനകമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം.

സൈജു കുറുപ്പ് സി.ഐ. ആന്റോ ഈപ്പൻ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സത്യസന്ധതയുടെ പേരിൽ നിരന്തരം സസ്‌പെൻഷനും സ്ഥലംമാറ്റവും നേരിടേണ്ടിവരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ഒരു സംഭവം അദ്ദേഹത്തെ സത്യാന്വേഷണത്തിന്റെയും ആത്മസംഘർഷത്തിന്റെയും വഴിയിലേക്ക് നയിക്കുന്നു. കുറ്റബോധം, അധികാര രാഷ്ട്രീയം, മനുഷ്യബന്ധങ്ങൾ, നീതിക്കായുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളും ചിത്രത്തിന്റെ കഥയിൽ കടന്നുവരുന്നു.

അസ്‌കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമ്മകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ്, എറിക് ആദം ഗുഡ് ഹോപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം. വി. സാജൻ എഡിറ്റിംഗും രോഹിത് ഗോപാലകൃഷ്ണൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.

കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവർ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ ഒരുക്കുന്നു. ഹരിചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര, യാസിൻ നിസാർ, അജയ് ശ്രാവൺ, ആരതി എം.എൻ., അശ്വിൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ബാബു പിള്ളൈയാണ് പ്രൊഡക്ഷൻ ഡിസൈനർ. സുജിത് മട്ടന്നൂർ കോസ്റ്റ്യൂം ഡിസൈനറും കിരൺ, മനോജ് എന്നിവർ മേക്കപ്പ് വിഭാഗവും കൈകാര്യം ചെയ്യുന്നു. നികേഷ് നാരായൺ പ്രൊഡക്ഷൻ കൺട്രോളറും ഷിബിൻ കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. റോബിൻ ടോമാണ് സ്റ്റണ്ട് ഡയറക്ടർ. ശ്രീജിത്ത് ഡാൻസ് സിറ്റി കൊറിയോഗ്രഫി നിർവഹിക്കുന്നു.

ഗുഡ് ഫെല്ലാസാണ് ചിത്രത്തിന്റെ വിതരണം. ജാങ്കോ സ്‌പേസ് ഡിജിറ്റൽ വിഭാഗവും ബ്രിങ്‌ഫോർത്ത് മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗും നിർവഹിക്കുന്നു. സിബി ചീരൻ സ്റ്റിൽസും മാമിജോ പബ്ലിസിറ്റി ഡിസൈനും കൈകാര്യം ചെയ്യുന്നു. ഷിജോ ഡൊമിനിക് ഫിനാൻസ് കൺട്രോളറാണ്. ഐശ്വര്യ രാജാണ് പി.ആർ.ഒ.

ഉദ്വേഗജനകമായ അന്വേഷണവും വൈകാരിക മുഹൂർത്തങ്ങളും സസ്‌പെൻസ് നിറഞ്ഞ കഥപറച്ചിലും കോർത്തിണക്കുന്ന ‘ആരം’, മലയാളത്തിലെ വേറിട്ടൊരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ അനുഭവമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ചിത്രം സെപ്റ്റംബർ 25 മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.