
സെപ്റ്റംബർ 25ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്ത ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ആരം’ മികച്ച പ്രേക്ഷക പ്രതികരണവുമായി പ്രദർശനം തുടരുന്നു. സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ അവതരണശൈലിയും അപ്രതീക്ഷിതമായ വഴിത്തിരിവുകളുമാണ് ശ്രദ്ധ നേടുന്നത്.
ഒരു മരണത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലൂടെയും പ്രേക്ഷകരെ കഥയ്ക്കൊപ്പം സഞ്ചരിപ്പിക്കുന്ന അവതരണമാണ് ‘ആര’ത്തിന്റെ പ്രധാന സവിശേഷത. രണ്ടാം പകുതിയിലെ ട്വിസ്റ്റുകളും ക്ലൈമാക്സും ആകാംക്ഷ നിലനിർത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. അനാവശ്യ രംഗങ്ങളിലേക്ക് നീങ്ങാതെ കഥയുടെ സംഘർഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന അവതരണവും ചിത്രത്തിന് അനുകൂല പ്രതികരണങ്ങൾ നേടിക്കൊടുക്കുന്നു.
പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന സൈജു കുറുപ്പിന്റെ സ്വാഭാവിക പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. ഔദ്യോഗിക ജീവിതത്തിലെ അന്വേഷണങ്ങൾക്കൊപ്പം വ്യക്തിജീവിതത്തിലെ സംഘർഷങ്ങളും നേരിടുന്ന കഥാപാത്രത്തിന് സൈജു കുറുപ്പ് വൈകാരികമായ ആഴം നൽകുന്നു.
അസ്കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു, ഷഹീൻ സിദ്ദിഖ് തുടങ്ങിയവരും ശ്രദ്ധേയ പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്.
വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും വി. സാജന്റെ എഡിറ്റിങ്ങും രോഹിത് ഗോപാലകൃഷ്ണന്റെ സംഗീതവും ചിത്രത്തിന്റെ ത്രില്ലർ സ്വഭാവത്തിന് കൂടുതൽ കരുത്തേകുന്നു.
ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് വിതരണം നിർവഹിക്കുന്നത്. ‘ആരം’ നിലവിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.












