ആ വളവിൽ ഇന്നും സുമതിയുണ്ടെന്ന് വിശ്വസിക്കുന്നവർ! മലയാളിയെ ഭീതിയിലാഴ്ത്തിയ പ്രേത കഥ സിനിമയാകുന്നു, മാളികപ്പുറം ടീം വീണ്ടും

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ആദ്യ ചിത്രം ഭക്തി നിർഭരമായിരുന്നെങ്കിൽ ഹൊറർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രവുമായാണ് മാളികപ്പുറം ടീം വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ‘സുമതി വളവ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ വീഡിയോ പങ്കുവെച്ചത് സുരേഷ് ​ഗോപിയാണ്. അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു ശശിശങ്കറാണ്. അർജുൻ അശോകനാണ് നായകൻ.

തിരുവനന്തപുരം പാലോടിനടുത്ത് മൈലുംമൂടെന്ന മലയോര ഗ്രാമത്തിലെ ഒരു വളവിന്റെ പേരാണ് സുമതി വളവ്. കൊലചെയ്യപ്പെട്ട സുമതി എന്ന സ്ത്രീയുടെ ആത്മാവ് ഗതികിട്ടാതെ അലയുന്ന വളവാണ് സുമതി വളവെന്നാണ് പറയപ്പെടുന്നത്. ഒരു കാലത്ത് യാത്ര ചെയ്യാൻ ഭയപ്പെട്ടിരുന്ന ഈ വളവും അതിനെ ചുറ്റിപ്പറ്റി പ്രചരിച്ച കഥയുമാണോ ചിത്രം പറയുന്നത് എന്നാണ് ടൈറ്റിൽ അനൗൺസ്മെന്റിന് പിന്നാലെ സമൂഹമാ​ദ്ധ്യമങ്ങളിലൂടെ സിനിമാ പ്രേമികൾ ചോദിക്കുന്നത്.

മുരളി കുന്നുംപ്പുറത്ത് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രാഹകൻ ദിനേഷ് പുരുഷോത്തമനാണ്. സൗണ്ട് ഡിസൈനർ- എം.ആർ രാജകൃഷ്ണൻ, എഡിറ്റർ- ഷഫീക്ക് മുഹമ്മദ് അലി, ആർട്- അജയ് മങ്ങാട്ട് തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.