തിയറ്ററില്‍ പോയി സിനിമ കാണാറില്ല ; കാരവന്‍ ഇല്ലെങ്കില്‍ മരത്തിന്റെ ചുവട്ടിലാണെങ്കിലും ഇരിക്കും ! തനി ഇടുക്കിക്കാരൻ

മിമിക്രി കലാരംഗത്ത് നിന്നും അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ജാഫർ ഇടുക്കി. ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ജാഫർ ഇടുക്കി ദേശീയ അന്തർദേശിയ പുരസ്‌ക്കാര നിറവിൽ നിൽക്കുകയാണ് ഇപ്പോൾ. ഈ സാഹചര്യത്തിൽ അദ്ധെഹതം ഒരു അഭിമുഖത്തിനിടയിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും ഇതുവരെയും ഒരു സിനിമ പോലും തീയറ്ററിൽ പോയി കണ്ടിട്ടില്ല എന്നാണ് ജാഫർ ഇടുക്കി പറയുന്നത്. അതിനു ഒരു കാരണവുമുണ്ട്. “തിയറ്ററില്‍ പോയി സിനിമ കാണാറില്ല. പത്ത് പതിനാറ് കൊല്ലമായി കാണും തിയറ്ററില്‍ പോയിട്ട്.അതിന് പിന്നില്‍ വേദനിപ്പിക്കുന്ന ചില ഓര്‍മ്മകള്‍ ഉണ്ട്. ഇടുക്കിയില്‍ ഉണ്ടായിരുന്നപ്പോള്‍ എന്റെ ഒരു അനിയത്തിക്കുട്ടിയും അവളുടെ ജ്യേഷ്ഠനുമൊക്കെ കൂടി ഞായറാഴ്ച മാറ്റിനിയ്ക്ക് ഇടുക്കി ഗ്രീന്‍ലാന്‍ഡ് തിയറ്ററില്‍ സിനിമയ്ക്ക് പോകുമായിരുന്നു. വിവാഹമൊക്കെ കഴിഞ്ഞ് കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ ആ കുട്ടി മരിച്ചു. അതില്‍ പിന്നെ പോകുന്നത് ഒഴിവാക്കി. ടിവിയില്‍ മനസില്‍ പതിഞ്ഞ പഴയ സിനിമകള്‍ വന്നാല്‍ കാണും. എന്റെ സിനിമകള്‍ ഒട്ടും കാണാറില്ല. പിന്നെയുള്ള ഹോബി ടിവിയില്‍ ന്യൂസ് കാണലാണ്. സിനിമയില്‍ എത്തിയിട്ട് പതിനാറ് വര്‍ഷം കഴിയുന്നു. തിരിഞ്ഞ് നോക്കുമ്പോള്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല.ദാരിദ്ര്യവും ദുരിതവും ഒക്കെ കുറച്ച് ഒതുങ്ങി എന്നേയുള്ളു. സിനിമയില്‍ നിന്ന് മിമിക്രിയില്‍ നിന്നും കിട്ടിയതൊക്കെ കൂട്ടിവെച്ച് ഒരു വീട് വെച്ചു. പിന്നെ മോളെ വിവാഹം ചെയ്ത് അയച്ചു. ഒരു വണ്ടി വാങ്ങി കൃഷിയ്ക്കായി പതിനഞ്ച് സെന്റ് സ്ഥലം വാങ്ങി. പത്താം വയസില്‍ തുടങ്ങിയതാണ് ഈ പണി. ഇതുവരെയും ഞാന്‍ മാറിയിട്ടില്ലെന്നാണ് എന്റെ വിശ്വാസം. പഴയതിനെക്കാളും സൗകര്യങ്ങളൊക്കെ മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നു. അതിന് അനുസരിച്ച് നമ്മള്‍ മാറണമെന്നില്ലല്ലോ. പണ്ട് മരത്തിന്റെ ചുവട്ടില്‍ കസേര ഇട്ടിരുന്നവനാണ് ഇന്ന് കാരവനില്‍ ഇരിക്കുന്നതെന്ന് ചിലര്‍ പറഞ്ഞേക്കാം. അവര്‍ തരുന്ന സൗകര്യം ഉപയോഗിക്കുന്നു എന്നേയുള്ളു. കാരവന്‍ ഇല്ലെങ്കില്‍ മരത്തിന്റെ ചുവട്ടിലാണെങ്കിലും ഇരിക്കും.”