ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ വേദന അനുഭവിച്ചു!! അന്നാണ് ഞാനും അശ്വതിയും കരഞ്ഞത്- ജയറാം

കഴിഞ്ഞ ദിവസമാണ് തൊടുപുഴയിലെ കുട്ടി കര്‍ഷകന്‍ പതിനഞ്ചുകാരനായ മാത്യുവിന്റെ ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തത്. വളരെ ദാരുണമായ സംഭവം കരളലിയിപ്പിക്കുന്നതായി. അച്ഛനില്ലാത്ത കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പശുക്കള്‍. തിങ്കളാഴ്ചയാണ് കരളലിയിപ്പിക്കുന്ന സംഭവമുണ്ടായത്. കെഴക്കേപ്പറമ്പില്‍ മാത്യു…

കഴിഞ്ഞ ദിവസമാണ് തൊടുപുഴയിലെ കുട്ടി കര്‍ഷകന്‍ പതിനഞ്ചുകാരനായ മാത്യുവിന്റെ ഫാമിലെ പശുക്കള്‍ കൂട്ടത്തോടെ ചത്തത്. വളരെ ദാരുണമായ സംഭവം കരളലിയിപ്പിക്കുന്നതായി. അച്ഛനില്ലാത്ത കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു പശുക്കള്‍. തിങ്കളാഴ്ചയാണ് കരളലിയിപ്പിക്കുന്ന സംഭവമുണ്ടായത്. കെഴക്കേപ്പറമ്പില്‍ മാത്യു ബെന്നിയുടെ പതിമൂന്ന് കന്നുകാലികളാണ് മരച്ചീനി ഉണക്കിപ്പൊടിച്ചതിന് ശേഷം ഹൈഡ്രോസയാനിക് ആസിഡ് വിഷബാധയേറ്റ് ചത്തത്.

പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെ വളര്‍ത്തി കുടുംബത്തിന് കൈത്താങ്ങായത്. മികച്ച കുട്ടിക്ഷീര കര്‍ഷകനുള്ള അവാര്‍ഡും മാത്യു നേടിയിരുന്നു. മറ്റ് നിരവധി പുരസ്‌കാരങ്ങളും ഈ കുട്ടി കര്‍ഷകനെ തേടിയെത്തിയിരുന്നു. സിനിമാ ലോകത്തു നിന്നും നിരവധി പേരാണ് മാത്യുവിന് സഹായവുമായി എത്തിയത്. നടന്‍ ജയറാം, മമ്മൂട്ടി, പൃഥ്വി രാജ് എന്നിവര്‍ സഹായം പ്രഖ്യാപിച്ചിരുന്നു. നടന്‍ ജയറാം മാത്യുവിന്റെ വീട്ടിലെത്തി 5 ലക്ഷം രൂപ കൈമാറിയിരുന്നു.

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയിരുന്നെന്ന് ജയറാം പറയുന്നു. അന്ന തന്റെ ഫാമിലെ 22 പശുക്കളാണ് ഒരു ദിവസം ചത്തതെന്ന് താരം പറഞ്ഞു. പുല്ലു മേയാനായി അവയെ തുറന്നു വിട്ടിരുന്നു. പുല്ലില്‍ നിന്നുള്ള വിഷാംശം ഉള്ളില്‍ ചെന്നാണ് അവ ചത്തുവീണത്.

22 പശുക്കളെയാണ് ഒരു ദിവസം നഷ്ടപ്പെട്ടത്. ആ നഷ്ടത്തിന്റെ വേദന വളരെ വലുതായിരുന്നു. അവയെ കുഴിച്ചിട്ടപ്പോഴാണ് ജീവിതത്തില്‍ ഞാനും ഭാര്യ അശ്വതിയും കരഞ്ഞുപോയത്. ഈ രണ്ട് മക്കളുടെ കാര്യത്തിലും സംഭവിച്ചത് അതാണെന്നും ജയറാം പറഞ്ഞു.

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം അബ്രഹാം ഓസ്ലറിന്റെ ട്രെയിലര്‍ ലോഞ്ചിന് വച്ച പണമാണ് ജയറാം മാത്യുവിന്റെ കുടുംബത്തിന് നല്‍കി കൈത്താങ്ങായത്.