കുട്ടിയുടെ വേഷം ചെയ്യാന്‍ കാളിദാസിനെ സമീപിച്ചു ; വെളിപ്പെടുത്തി സിബി മലയിൽ 

അച്ഛൻ ജയറാമിന്റെയും അമ്മ പര്‍വ്വതിയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള അരങ്ങേറ്റം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ…

അച്ഛൻ ജയറാമിന്റെയും അമ്മ പര്‍വ്വതിയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായിട്ടായിരുന്നു കാളിദാസിന്റെ ചലച്ചിത്ര ലോകത്തേക്കുള്ള അരങ്ങേറ്റം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരപുത്രന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ കാളിദാസ് ജയറാമിന് കഴിഞ്ഞു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ക്ക് ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന സിനിമയിലാണ് കാളിദാസ് അഭിനയിച്ചത്. 2003ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിൽ കാളിദാസ് ജയറാമിന്റെ പ്രകടനം ദേശീയ തലത്തില്‍ ഉൾപ്പെടെ അംഗീകരിക്കപ്പെടുകയും ചെയ്‌തു. സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ കാളിദാസ് ജയറാം സ്വന്തമാക്കി. ഇപ്പോഴിതാ ചിത്രത്തിലേക്ക് കാളിദാസ് എത്തിയതിനെ കുറിച്ചും സിനിമയെക്കുറിച്ചുള്ള ഓര്‍മകളും പങ്കു വയ്ക്കുകയാണ്  സംവിധായകൻ സിബി മലയില്‍. കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലെ പ്രകടനം കാരണമാണ് മൂത്ത കുട്ടിയുടെ വേഷത്തിലേക്ക് കാളിദാസ്‌ ജയറാമിനെ  പരിഗണിക്കാമെന്ന് തീരുമാനിച്ചതെന്ന് സിബി മലയില്‍ പറയുന്നു. ചിത്രീകരണ സമയത്ത് ഉടനീളം കാളിദാസിന് വേണ്ട ഗൈഡൻസ് നല്‍കി അച്ഛൻ ജയറാമും അമ്മ പാര്‍വ്വതിയും ഒപ്പമുണ്ടായിരുന്നുവെന്നും സിബി മലയില്‍ പറഞ്ഞു. മലയാളത്തിലെ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍മാതാവ് പ്രേംപ്രകാശ് തന്നെയാണ് മക്കള്‍ സഞ്ജയും ബോബിയും ചേര്‍ന്ന് ഇങ്ങനെയൊരു കഥ ഒരുക്കിയതിനെക്കുറിച്ച്‌ എന്നോട് പറയുന്നത്.കേട്ടപ്പോള്‍ തന്നെ അതെനിക്ക് ഇഷ്ടമായി. അച്ഛനും അമ്മയ്ക്കും രണ്ടാമതൊരു കുഞ്ഞ് ജനിക്കുന്നതിനെ കുറിച്ച് അറിയുമ്പോൾ മൂത്ത കുട്ടിയിൽ ഉണ്ടാകുന്ന തോന്നലുകളായിരുന്നു ചിത്രത്തിന്റെ കഥ. സിബ്ലിംഗ് റൈവല്‍റിയായിരുന്നു ചിത്രത്തിന്റെ പ്രമേയം. തന്നിലേക്കുള്ള ശ്രദ്ധ കുറഞ്ഞു പോവുമോയെന്ന് മൂത്ത കുട്ടി ചിന്തിക്കുന്നതൊക്കെയാണ് സിനിമയില്‍ കാണിച്ചത്.

കുട്ടിയുടെ വേഷം ചെയ്യാന്‍ കാളിദാസ് ജയറാമിനെ സമീപിക്കാമെന്ന് പറഞ്ഞതും പ്രേംപ്രകാശ് തന്നെയാണ്. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ പ്രകടനത്തിലൂടെ കാളിദാസ് ജയറാമിന്റെ  ടാലന്റ് ബോധ്യപ്പെട്ടതാണ്. നായകൻ ആയി ജയറാമിനെ നിശ്ചയിച്ചു. ഇനി കൂടെയൊരു നായികയാണ് വരാനുള്ളത്. ജ്യോതിര്‍മയിയെ നായികയാക്കുന്നതിനെക്കുറിച്ച്‌ പറഞ്ഞത് ബോബിയും സഞ്ജയും ആയിരുന്നു. സിനിമയുടെ തുടക്കത്തില്‍ സിനിമയ്ക്ക് ഇങ്ങനെ പേരൊന്നും ലഭിച്ചിരുന്നില്ല. ശ്രദ്ധിച്ച്‌ കൈകാര്യം ചെയ്തില്ലേല്‍ പാളി പോകാവുന്ന വിഷയമായിരുന്നു. സഞ്ജുവും ബോബിയും നന്നായി തന്നെ തിരക്കഥ സെറ്റാക്കിയിരുന്നു. ഷൂട്ടിന്റെ പകുതിയിലാണ് പേര് നിശ്ചയിക്കുന്നത്. കുട്ടിത്തം കലര്‍ന്നൊരു പേരായിരിക്കണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് ഈയൊരു പേരിട്ടത്. സിനിമയ്ക്ക് പറ്റിയ പേരായിരുന്നു അത്. കൊച്ചിയില്‍ തന്നെയായിരുന്നു ഷൂട്ടിംഗ് ലൊക്കേഷന്‍. കാക്കനാട് ആയിരുന്നു അവരുടെ വീട്. ആ വീടിന് സിനിമയില്‍ പ്രധാന റോളുണ്ട് എന്നും സിബി മലയില്‍ പറയുന്നു. മലയാള സിനിമയില്‍ ഒരു ബാലതാരത്തിന് ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട വേഷമായിരുന്നു അത്. കണ്ണന് അന്ന് ഏകദേശം എട്ടോ ഒമ്പതോ വയസാണ് പ്രായം. പറയുന്നതെല്ലാം മികച്ച രീതിയില്‍ തന്നെ കണ്ണന്‍ ചെയ്തിരുന്നു. അത് സിനിമയ്ക്ക് ഗുണകരമായി. ജയറാം ശ്രദ്ധയോടെ അവനെ ഗൈഡ് ചെയ്ത് കൂടെയുണ്ടായിരുന്നു. ജയറാമിനെ കൂടാതെ പാര്‍വ്വതിയും അനിയത്തി  മാളവികയും മുഴുവൻ സമയവും സെറ്റില്‍ കാളിദാസിനൊപ്പമുണ്ടായിരുന്നു. അവരെ സംബന്ധിച്ചും വളരെ പ്രാധാന്യമേറിയ സിനിമയായിരുന്നു ഇതെന്നും സിബി മലയില്‍ പറഞ്ഞു. അതേസമയം എന്റെ വീട് അപ്പുന്റെതിലും അഭിനയിച്ച ശേഷം പിന്നീട് നായക നടനായാണ് കാളിദാസ് ജയറാം സിനിമയിലേക്ക് എത്തിയത്. പഠനത്തിന് വേണ്ടി സിനിമയില്‍ നിന്നും അത്രയും നാൾ മാറി നില്‍ക്കുകയായിരുന്നു നടൻ. മീൻ കുഴമ്പും മണ്‍ പാനെയും എന്ന തമിഴ് സിനിമയിലൂടെയാണ് കാളിദാസ് ജയറാം  നായകനായി അരങ്ങേറുന്നത്. തുടര്‍ന്ന് പൂമരം എന്ന എബ്രിഡ് ഷൈൻ ചിത്രത്തിലൂടെ മലയാളത്തിലേക്കും കാളിദാസ് എത്തി. ഇപ്പോള്‍ മലയാളത്തിലും തമിഴിലും സജീവമാണ് കാളിദാസ് ജയറാം. എന്നാല്‍ നിർഭാഗ്യവശാൽ മലയാളത്തില്‍ വലിയൊരു വിജയം നേടാൻ കാളിദാസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം.