മറ്റൊരു നടനും ഇത് ചെയ്യില്ല ; കലാഭവൻ മണിയെക്കുറിച്ച് വിനു കിരിയത്ത് 

മലയാളി പ്രേക്ഷകര്‍ അതിരറ്റ് സ്നേഹിച്ച കലാകാരനാണ് കലാഭവൻ മണി. മലയാള സിനിമയിലെ പകരക്കാരില്ലാത്ത കലാകാരനായാണ് കലാഭവൻ മണിയെ എന്നും വിശേഷിപ്പിക്കാറുള്ളത്. മികച്ച നടനും ഗായകനും കൊമേഡിയനും എല്ലാമായിരുന്നു കലാഭവൻ മണി. ഇതെല്ലാമായിരിക്കുമ്പോഴും യാതൊരു താര…

മലയാളി പ്രേക്ഷകര്‍ അതിരറ്റ് സ്നേഹിച്ച കലാകാരനാണ് കലാഭവൻ മണി. മലയാള സിനിമയിലെ പകരക്കാരില്ലാത്ത കലാകാരനായാണ് കലാഭവൻ മണിയെ എന്നും വിശേഷിപ്പിക്കാറുള്ളത്. മികച്ച നടനും ഗായകനും കൊമേഡിയനും എല്ലാമായിരുന്നു കലാഭവൻ മണി. ഇതെല്ലാമായിരിക്കുമ്പോഴും യാതൊരു താര പരിവേഷവുമില്ലാതെ സാധാരണക്കാര്‍ക്കിടയിലായിരുന്നു കലാഭവൻ മണിയുടെ ജീവിതം. അതുകൊണ്ട് തന്നെ വിട പറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും മലയാളികളുടെ മനസ്സില്‍ കലാഭവൻ മണിയുണ്ട്. കലാഭവൻ മണിയെ കുറിച്ച്‌ സംസാരിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്കെല്ലാം ഇന്നും നൂറ് നാവാണ്. എല്ലാവരുമായും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടനാണ് അദ്ദേഹം. കൈമറന്ന് പലരെയും സഹായിക്കുകയും ചെയ്തിട്ടുണ്ട് നടൻ. ഇപ്പോഴിതാ മണിയെ കുറിച്ച്‌ തിരക്കഥാകൃത്തും നിര്‍മാതാവുമായ വിനു കിരിയത്ത് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. കലാഭവൻ മണി നായകനായി അഭിനയിച്ച മൈഡിയര്‍ കരടി എന്ന സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു വിനു കിരിയത്ത്. നായകനാക്കിയത് കൊണ്ട് കലാഭവൻ മണി ചിത്രത്തിന് പ്രതിഫലം വാങ്ങിയില്ലെന്നാണ് വിനു കിരിയത്ത് പറയുന്നത്. ഒരു ഓൺലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മൈഡിയര്‍ കരടിയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച്‌ പറയുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സര്‍ക്കസും മറ്റും കടന്നു വരുന്ന ചിത്രമായിരുന്നു മൈഡിയര്‍ കരടി. തിരുവനന്തപുരത്ത് സര്‍ക്കസ് നടക്കുന്ന സമയം നോക്കിയാണ് ചിത്രത്തിന്റെ ഷൂട്ടിങ് വച്ചത്. എന്നാല്‍ ഷൂട്ടിങ് സമയമായപ്പോഴേക്കും സര്‍ക്കസുകാർ പോയി. അത് തനിക്ക് മാനസികമായും സാമ്പത്തികമായും വലിയ ഷോക്കായിരുന്നുവെന്ന് വിനു കിരിയത്ത് പറയുന്നു. അതോടെ പടത്തിന്റെ ചെലവ് കൂടി.

തമിഴ്നാട്ടില്‍ മറ്റൊരു സര്‍ക്കസ് ടീമുണ്ടെന്ന് അറിഞ്ഞിട്ട് പിന്നെ മുഴുവൻ ആര്‍ട്ടിസ്റ്റുമായി അങ്ങോട്ട് പോയി. അത് താമസ സൗകര്യങ്ങളൊന്നും ഇല്ലാത്ത സ്ഥലമായിരുന്നു. ദൂരെ ആയിരുന്നു ഹോട്ടലൊക്കെ. എങ്ങനെയൊക്കെയോ  ആ പടം തീര്‍ത്തു. വലിയ നഷ്ടം വന്നില്ല എന്നും വിനു കിരിയത്ത് പറയുന്നു. ഈ ഷൂട്ടിങ് എല്ലാം കഴിഞ്ഞ് കലാഭവൻ മണി തിരിച്ചു പോകുമ്പോള്‍ കലാഭവൻ മണിക്ക് ഞാൻ ഒരു ലക്ഷം രൂപ കൊടുത്തു. അതായിരുന്നു കലാഭവൻ മണിക്കുള്ള പ്രതിഫലം. പാക്കപ്പിന്റെ സമയത്ത് നിര്‍മാതാവിനെ സംബന്ധിച്ച്‌ ഒരു ക്രൂഷ്യല്‍ ടൈമാണ്. കലാഭവൻ മണി പൈസ എണ്ണിയപ്പോള്‍ ഞാൻ പേടിച്ചു. എന്തെങ്കിലും പറഞ്ഞാല്‍ നാണക്കേടാണ്. എന്ത് ചെയ്യുമെന്ന് ചിന്തിച്ചു നില്‍ക്കെ കലാഭവൻ മണി അതില്‍ നിന്നും ഒരു പതിനായിരം രൂപ എടുത്ത് ഡാഷ് ബോര്‍ഡില്‍ വച്ചു. എന്നിട്ട് തൊണ്ണൂറായിരം രൂപ എനിക്ക് തിരിച്ചു തന്നു. എനിക്ക് പെട്രോളിന്റെ പൈസ മാത്രം മതിയെന്ന് പറഞ്ഞു.ഞാൻ ചോദിച്ചപ്പോള്‍, എന്നെ നായകനാക്കിയതല്ലേ. പാക്കപ്പ് അല്ലേ. ഇത് ഇരിക്കട്ടെ എന്ന് പറഞ്ഞു. ഒരുപക്ഷെ ഇന്ത്യൻ സിനിമയില്‍ മറ്റൊരു നടനും ഇത് ചെയ്യില്ല എന്നും വിനു കിരിയത്ത് പറഞ്ഞു. അതേ സമയം കോമഡി വേഷങ്ങളില്‍ നിന്നാണ് കലാഭവൻ മണി കരിയര്‍ ആരംഭിച്ചത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നായക നിരയിലേക്കെത്താൻ കലാഭവൻ മണിക്ക് സാധിച്ചു. അതില്‍ നിര്‍ണായക പങ്കു വഹിച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മൈഡിയര്‍ കരടി. വില്ലൻ വേഷങ്ങളിലും കലാഭവൻ മണി തിളങ്ങിയിരുന്നു. കരുമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അനന്തഭദ്രം തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനം ആയിരുന്നു കലാഭവൻ മണി കാഴ്ച വെച്ചത്. ആമേൻ ആണ് കുറേക്കാലങ്ങള്‍ക്ക് ശേഷം നടന് ലഭിച്ച ശ്രദ്ധേയ സിനിമകളില്‍ ഒന്ന്. പോയി മറഞ്ഞു പറയാതെ എന്ന സിനിമയിലാണ് കലാഭവൻ മണി അവസാനമായി അഭിനയിച്ചത്.