ഒപ്പം അഭിനയിക്കാൻ ഒരു നായിക തയാറായില്ല ; ചിമ്പു വീട്ടിലിരുപ്പായി 

കരിയറിന്റെ തുടക്ക കാലത്ത് തമിഴകത്ത് വൻ തരംഗമുണ്ടാക്കിയ നടനാണ് ചിമ്പു. ഫിലിം മേക്കര്‍ ടി രാജേന്ദറുടെ മകനായ ചിമ്പു. അച്ഛന്റെ സിനിമകളില്‍ ബാലതാരമായാണ് അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്. അച്ഛൻ സംവിധാനം ചെയ്ത കാതല്‍ അഴിവതില്ലെ…

കരിയറിന്റെ തുടക്ക കാലത്ത് തമിഴകത്ത് വൻ തരംഗമുണ്ടാക്കിയ നടനാണ് ചിമ്പു. ഫിലിം മേക്കര്‍ ടി രാജേന്ദറുടെ മകനായ ചിമ്പു. അച്ഛന്റെ സിനിമകളില്‍ ബാലതാരമായാണ് അഭിനയത്തില്‍ തുടക്കം കുറിക്കുന്നത്. അച്ഛൻ സംവിധാനം ചെയ്ത കാതല്‍ അഴിവതില്ലെ എന്ന ചിത്രത്തിലാണ് ആദ്യമായി ചിമ്പു  നായകനായെത്തുന്നത്. 2002 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. പിന്നീട് കൈ  നിറയെ അവസരങ്ങള്‍ ചിമ്പുവിനെ തേടി വന്നു. അഭിനയത്തിന് പുറമെ പാട്ടും ചിമ്പുവിന് വശമാണ്. ചിമ്പു പാടിയ ചില ഗാനങ്ങളും ഹിറ്റായി മാറിയിരുന്നു. മൻമദൻ, വല്ലവൻ തുടങ്ങി ഹിറ്റ് സിനിമകളുടെ ഒരു നിര തന്നെ താരം സൃഷ്ടിച്ചു. എന്നാല്‍ പിന്നീട് കരിയറില്‍ പരാജയങ്ങളും ചിമ്പുവിന് നേരിടേണ്ടി വന്നു. 2010 ല്‍ പുറത്തിറങ്ങിയ വിണ്ണെെത്താണ്ടി വരുവായ എന്ന സിനിമയിലൂടെ വൻ ജനപ്രീതി നേടിയെങ്കിലും പരാജയങ്ങളുടെ വലിയൊരു നിര തന്നെ പിന്നീട് ചിമ്പുവിനെ തേടി വന്നു. തുടരെ പരാജയ സിനിമകള്‍ വന്നതോടെ ചിമ്പുവിന്റെ മാര്‍ക്കറ്റ് മൂല്യവും ഇടിഞ്ഞു. ഇതിനിടെ വണ്ണം വെച്ചതോടെ പഴയ ചാര്‍മിംഗ് സ്ക്രീൻ പ്രസൻസ് ചിമ്പുവിന് നഷ്ടപ്പെട്ടെന്ന കുറ്റപ്പെടുത്തലുകളുമുണ്ടായി. എന്നാൽ  കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി തിരിച്ച്‌ വരവിന്റെ പാതയിലാണ് നടൻ. മാനാട്, പത്ത് തല എന്നീ സിനിമകളുടെ വിജയത്തിളക്കത്തിലാണ് ചിമ്പുവിപ്പോള്‍. തുടക്ക കാലത്ത് നടനെ ചുറ്റി പറ്റി പല വിവാദങ്ങളും സിനിമാ ലോകത്ത് ഉടലെടുത്തിട്ടുണ്ട്. ചിമ്പുവിനെക്കുറിച്ച്‌ തമിഴ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആര്‍എസ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. മാനാട് എന്ന സിനിമയ്ക്ക് മുമ്പ് ആരും ചിമ്പുവിനെ വിശ്വസിച്ച്‌ സിനിമ ചെയ്യാൻ വന്നില്ല. ഏറെക്കുറെ സിനിമകളൊന്നും ഇല്ലാതെ വീട്ടില്‍ ഇരിക്കേണ്ടി വന്നു ചിമ്പുവിന്. അപ്പോഴാണ് ഇതേക്കുറിച്ച്‌ ചിമ്പു ചിന്തിച്ചത്. ചിമ്പുവിന്റെ സിനിമയ്ക്ക് ഫിനാൻഷ്യറെ പോലും ലഭിക്കാത്ത സാഹചര്യം ആയിരുന്നു. മാനാട് എന്ന സിനിമയ്ക്ക് ശേഷം നടന്റെ പ്രതിച്ഛായയില്‍ മാറ്റം വന്നെന്നും ആര്‍എസ് അന്തനൻ പറഞ്ഞു. ചിമ്പുവിനെ പോലെ പ്രശ്നങ്ങളില്‍ അകപ്പെട്ട നടൻമാര്‍ തമിഴകത്ത് വിരളമാണ്. നടൻ ധനുഷുമായുള്ള പ്രശ്നമാണ് ഇതിലേറെ വാര്‍ത്താ പ്രാധാന്യം നേടിയത്. ധനുഷിന്റെ കരിയറിലെ വളര്‍ച്ച ചിമ്പുവിനെ അസ്വസ്ഥതപ്പെടുത്തിയിരുന്നെന്ന് തമിഴ് മാധ്യങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടിട്ടുണ്ട്.

മൻമദൻ എന്ന സിനിമയില്‍ ധനുഷിനെ പരോക്ഷമായി വിമര്‍ശിച്ച്‌ ചില ഡയലോഗുകളും ചിമ്പു പറഞ്ഞിരുന്നു. ഏറെക്കാലം ഈ അസ്വാരസ്യം തുടര്‍ന്നു. 2012 ലാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചത്. പിന്നീട് നടൻ ബബ്ലു പൃഥിരാജിനോട് ഒരു ഷോയ്ക്കിടെ ചിമ്പു ദേഷ്യപ്പെട്ട സംഭവവും വാര്‍ത്തയായി. 2017 ല്‍ പുറത്തിറങ്ങിയ അൻപാനവൻ അലറാതവൻ അടങ്കാതവൻ എന്ന സിനിമയുടെ റിലീസിന് ശേഷം വലിയ വിമര്‍ശനങ്ങള്‍ ചിമ്പുവിന് നേരെ  മേക്കേര്‍സിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. സിനിമയുടെ നിര്‍മാതാവ് മൈക്കല്‍ രായപ്പനും സംവിധായകൻ അദ്വിക് രവിചന്ദ്രനും നടനെതിരെ പത്രസമ്മേളനം നടത്തി. ചിമ്പുവിന്റെ ഒപ്പം അഭിനയിക്കാൻ ഒരു നായികയും തയ്യാറാകാത്തതിനാല്‍ രണ്ട് മാസം പ്രൊജക്‌ട് വൈകി.ഒടുവില്‍ നായികമാരെ ലഭിച്ച്‌ ഷൂട്ട് തുടങ്ങാൻ നോക്കിയപ്പോള്‍ ലൊക്കേഷൻ മധുരയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടു. മധുരയിലെ ചൂട് കാലാവസ്ഥ തനിക്ക് പറ്റില്ലെന്നാണ് ചിമ്പു ഇതിന് കാരണമായി പറഞ്ഞത്. ലൊക്കേഷൻ മാറ്റിയിട്ടും കൃത്യസമയത്ത് നടൻ ഷൂട്ടിനെത്തിയില്ല. പിന്നീട് സിനിമ പൂര്‍ത്തിയാകുന്നത് വരെ പല ബുദ്ധിമുട്ടുകളും നടനെക്കൊണ്ടുണ്ടായെന്നും മൂവി മേക്കേര്‍സ് തുറന്ന് പറഞ്ഞു.