മോഹൻലാലും പ്രഭാസും അടക്കം സൂപ്പർ താരങ്ങളുടെ കൂട്ടയിടി; ഇതാ അടുത്ത സൂപ്പർ സ്റ്റാറും വരുന്നു, ശരിക്കും പാൻ ഇന്ത്യൻ കണ്ണപ്പ

മോഹൻലാല്‍ അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമെന്ന നിലയില്‍ ശ്രദ്ധേയമായ പ്രോജക്ട് ആണ് കണ്ണപ്പ. മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ചു ആണ് നായകൻ. ശിവ ഭക്തനായ വീരന്‍റെ പുരാണ കഥ അടിസ്ഥാനമാക്കിയുള്ള…

മോഹൻലാല്‍ അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമെന്ന നിലയില്‍ ശ്രദ്ധേയമായ പ്രോജക്ട് ആണ് കണ്ണപ്പ. മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ചു ആണ് നായകൻ. ശിവ ഭക്തനായ വീരന്‍റെ പുരാണ കഥ അടിസ്ഥാനമാക്കിയുള്ള ഫാൻ്റസി ആക്ഷന്‍ ചിത്രമാണിത്. വമ്പൻ താരങ്ങള്‍ ഒന്നിക്കുന്ന ഈ ചിത്രത്തില്‍ ഇപ്പോള്‍ അക്ഷയ് കുമാറും അഭിനയിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.

കന്നഡ ചിത്രത്തില്‍ ആദ്യമായിട്ടാണ് അക്ഷയ് എത്തുന്നത്. മോഹന്‍ലാല്‍, പ്രഭാസ്, തമിഴ് താരം ശരത് കുമാര്‍, പ്രഭുദേവ എന്നിങ്ങനെ താര ബാഹുല്യം കൊണ്ട് വൻ ഹൈപ്പിലാണ് കണ്ണപ്പ എത്തുന്നത്. 1993-ൽ അശാന്ത് എന്ന ദ്വിഭാഷാ സിനിമയിൽ അക്ഷയ് കുമാര്‍ വേഷമിട്ടിരുന്നു. കന്നടയിൽ വിഷ്ണു വിജയ എന്ന പേരിലാണ് ഇത് പുറത്തിറങ്ങിയത്. താരത്തിന്‍റെ ആദ്യ സൗത്ത് ഇന്ത്യൻ ചിത്രവും ഇതായിരുന്നു.

വർഷങ്ങൾക്ക് ശേഷം എന്തിരന്‍റെ രണ്ടാം ഭാഗമായ 2.0 എന്ന ചിത്രത്തില്‍ വില്ലൻ വേഷം അവതരിപ്പിച്ചത് അക്ഷയ് കുമാറാണ്. എവിഎ എൻ്റർടൈൻമെൻ്റിൻ്റെയും 24 ഫ്രെയിംസ് ഫാക്ടറിയുടെയും കീഴിൽ മോഹൻ നിർമ്മിക്കുന്ന കണ്ണപ്പ വിഷ്ണു മഞ്ചുവിന്‍റെ സ്വപ്ന സിനിമയാണ്. പരുചൂരി ഗോപാല കൃഷ്ണ, ഈശ്വർ റെഡ്ഡി, ജി നാഗേശ്വര റെഡ്ഡി, തോട്ട പ്രസാദ് എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ സ്ക്രിപ്റ്റ്. തെലുങ്കിൽ ചിത്രീകരിച്ച ചിത്രം മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യും. പ്രീതി മുഖുന്ദനാണ് നായിക.