‘ബാംഗ്ലൂർ ഡേയ്സ്’ ക്ലൈമാക്സിൽ ദുൽഖർ അല്ല’ ; ആരെന്ന് വെളിപ്പെടുത്തി അഞ്ജലി മേനോൻ

2014ൽ പുറത്തിറങ്ങിയ  മലയാള ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ബാംഗ്ലൂർ ഡേയ്സിൽ മലയാളത്തിലെ പ്രമുഖ താരനിര തന്നെയാണ് അണിനിരന്നത്. അഞ്ജലി മേനോൻ എന്ന സംവിധായികയെ മലയാളികൾക്കിടയിൽ ശ്രദ്ധേയയാക്കിയ ചിത്രം…

2014ൽ പുറത്തിറങ്ങിയ  മലയാള ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. അഞ്ജലി മേനോൻ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ബാംഗ്ലൂർ ഡേയ്സിൽ മലയാളത്തിലെ പ്രമുഖ താരനിര തന്നെയാണ് അണിനിരന്നത്. അഞ്ജലി മേനോൻ എന്ന സംവിധായികയെ മലയാളികൾക്കിടയിൽ ശ്രദ്ധേയയാക്കിയ ചിത്രം കൂടിയായിരുന്നു ബാംഗ്ലൂർ ഡേയ്സ്. ബാംഗ്ലൂർ ഡെയ്‌സിന്റെ ക്ലൈമാക്സിൽ ചിത്രീകരിച്ചിരിക്കുന്നത് യഥാർഥ സൂപ്പർ ക്രോസ് റേസിങ് മത്സരമാണെന്ന് വെളിപ്പെടുത്തിയിരിക്കയാണ് ഇപ്പോൾ സംവിധായിക അഞ്ജലി മേനോൻ. അങ്ങനെയൊരു റേസ് സെറ്റിട്ട് ചെയ്യാനുള്ള ബജറ്റ് ആ സമയത്ത് ഇല്ലായിരുന്നുവെന്നും. അതുകൊണ്ട് പുണെയിൽ നടന്ന റേസിങ് മത്സരമാണ് ക്ലൈമാക്സിൽ കാണിക്കുന്നതെന്നും അഞ്ജലി മേനോൻ പറഞ്ഞു. ബാംഗ്ലൂർ ഡെയ്സിന്റെ ഷൂട്ടിങ്ങിനെപ്പറ്റി ഞാൻ ഒരുപാട് സംസാരിച്ചിട്ടുണ്ട്. സിനിമയുടെ ക്ലൈമാക്സില്‍ വലിയൊരു റേസ് ഉണ്ട്. സത്യത്തിൽ അങ്ങനെയൊരു റേസ് ചിത്രീകരിക്കാനുള്ള ബജറ്റ് ആ സമയത്ത് ഞങ്ങളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് ആ സമയത്ത് പുണെയിൽ ഇതുപോലൊരു സൂപ്പർക്രോസ് ടൂർണമെന്റ് നടക്കുന്നുണ്ടെന്ന കാര്യം ഞങ്ങൾ അറിയുന്നത്.

വൈകിട്ട് ഏഴു മുതൽ പത്തു വരെയാണ് സൂപ്പർക്രോസ് റേസ് നടക്കുന്നത്. അന്നത്തെ നാഷനൽ ചാംപ്യനായ അരവിന്ദിനെയാണ് റേസിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. അങ്ങനെ അവിടെയെത്തി റേസ് ചിത്രീകരിക്കാനുള്ള തയാറെടുപ്പുകളൊക്കെ നടത്തി. നിർഭാഗ്യവശാൽ ആദ്യ റേസിൽ അരവിന്ദ് പരാജയപ്പെട്ടു. എനിക്കും ആകെ വിഷമമായി. നമ്മുടെ ഹീറോയാണ് അയാൾ.  അദ്ദേഹം പരാജയപ്പെട്ടാൽ ഇനി എന്തു ചെയ്യുമെന്ന് അറിയില്ല. ആകെ രണ്ട് റേസ് ആണ് അരവിന്ദിനുണ്ടായിരുന്നത്. ആദ്യ റേസും അവസാന റേസും. ഞങ്ങളുടെ ക്യാമറാമാനും ആവേശത്തിലായിരുന്നു. മുഴുവന്‍ ഫോക്കസും അരവിന്ദിനു നേരെ അതുകൊണ്ട് റേസിനിടയിലുള്ള കുറച്ച് സമയങ്ങളിൽ ക്യാമറാമാൻ ഉണ്ടായിരുന്നില്ല. ലാസ്റ്റ് റേസ് ആണ് ഇനി ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഭാഗ്യവശാൽ ക്യാമറ ക്രൂ അത് കൃത്യമായി പ്ലാൻ ചെയ്തു. ആ റേസിൽ അരവിന്ദ് വിജയിച്ചു. അതേ കഥാപാത്രം തോൽക്കുകയും ജയിക്കുകയും ചെയ്യുന്ന ഫൂട്ടേജ് ആണ് ഞങ്ങൾക്കവിടെ നിന്നു ലഭിച്ചത്. ഞങ്ങൾ അത് ഒരുമിച്ച് എഡിറ്റ് ചെയ്തു. റേസിന്റെ തുടക്കത്തിൽ അജു പരാജയപ്പെടുന്നതായും അവസാനം അവൻ വിജയിക്കുന്നതായും കാണിക്കുവാനായി.

സത്യത്തിൽ അതൊരു വലിയ ഭാഗ്യമായി കാണുന്നു. ആ ക്ലൈമാക്സിൽ കാണുന്നതെല്ലാം റിയൽ ലൈഫ് ഫൂട്ടേജ് ആണ്. എന്നാൽ ഒരു ഡ്രാമ സൃഷ്ടിക്കപ്പെടുമ്പോൾ ഡ്രമാറ്റിക് നിമിഷങ്ങളും ഉണ്ടാകണം. അതിനാൽ ഞങ്ങളുടെ ആർട് ടീം അത് വളരെ മനോഹരമായി പുനഃസൃഷ്ടിച്ചു എന്നാണ് അഞ്ജലി  മേനോൻ പറയുന്നത്. അതേസമയം 2014ൽ റിലീസ് ചെയ്ത് കേരളക്കരയിൽ വലിയ തരം​ഗമായി മാറിയ സിനിമയാണ് ‘ബാം​ഗ്ലൂർ ഡെയ്സ്’. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ചെയ്ത ചിത്രം ഒരേസമയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയിരുന്നു.  യുവത്വത്തിന്റെ ആഘോഷമായിരുന്നു ‘ബാംഗ്ലൂർ ഡേയ്‌സ്’ എന്ന സിനിമ. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, നിവിൻ പോളി, നസ്രിയ നസ്രിൻ, പാർവതി തിരുവോത്ത്, ഇഷ തൽവാർ, നിത്യാമേനോൻ, തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ കൽപ്പന, രേഖ, പ്രവീണ, പാരിസ് ലക്ഷ്മി, വിജയരാഘവൻ, മണിയൻ പിള്ള രാജു തുടങ്ങിവർ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. രക്തബന്ധത്തേക്കാളും ഹൃദയബന്ധം സൂക്ഷിക്കുന്ന ബന്ധുക്കളായ മൂന്നു ബാല്യകാല സുഹൃത്തുക്കൾ- അജുവും ദിവ്യയും കുട്ടനും. അവരുടെ സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കഥപറഞ്ഞ ചിത്രം മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ ബോക്സ് ഓഫീസിലും ചിത്രം വിജയം നേടുകയായിരുന്നു. കുട്ടിക്കാല സൗഹൃദം, നൊസ്റ്റാൾജിയ, നഷ്ട പ്രണയം, പാഷനെ പിൻതുടരുന്ന ഒരു യുവാവിന്റെ പോരാട്ടം, ഫിസിക്കലി ചലഞ്ചഡ് ആയ ഒരു പെൺകുട്ടിയുടെ അതിജീവനം തുടങ്ങി നിരവധിയേറെ ഘടകങ്ങൾ ‘ബാംഗ്ലൂർ ഡേയ്സി’ൽ വിഷയമായി. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം തന്നെ സമീർ താഹിറിന്റെ ക്യാമറാ മികവും ഗോപിസുന്ദറിന്റെ മ്യൂസിക്കുമെല്ലാം ചിത്രത്തെ ജനപ്രിയമാക്കിയ ഘടകങ്ങളാണ്. ചിത്രത്തിലെ ഗാനങ്ങളും അന്നേറെ ശ്രദ്ധിക്കപ്പെടുകയും തരംഗമാവുകയും ചെയ്തിരുന്നു. കേരളത്തിന് പുറത്തുള്ള പ്രധാന നഗരങ്ങളിലെ തിയറ്റര്‍ റിലീസില്‍ മലയാളികളല്ലാത്ത പ്രേക്ഷകരെയും വന്‍ തോതില്‍ ആകര്‍ഷിച്ച ചിത്രം കൂടിയായിരുന്നു ബാംഗ്ലൂർ ഡേയ്സ്.